മൂന്നാറിലെ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്കുനേരെയുള്ള അതിക്രമങ്ങൾ തുടരുന്നത് ടൂറിസം വികസനത്തിന് കനത്ത വെല്ലുവിളിയാകുന്നു. യാത്രാതടസ്സങ്ങളും നിയമനടപടികളിലേർപ്പെടുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ഭയന്ന് പലരും പരാതി നൽകാൻ തയ്യാറാകാത്തത് അക്രമികൾക്ക് കൂടുതൽ അവസരമൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സമാനമായ നിരവധി സംഭവങ്ങൾ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് നേരിടേണ്ടി വരുന്ന ഇത്തരം ദുരനുഭവങ്ങൾ മേഖലയുടെ ഭാവിക്ക് തന്നെ ഭീഷണിയാണെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുകൾ എന്നിവരിൽ നിന്നാണ് ഭൂരിഭാഗം സന്ദർഭങ്ങളിലും സഞ്ചാരികൾക്ക് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നത്.
വാഹന പാർക്കിങ്, വാഹനങ്ങൾ തമ്മിൽ ഉരസുന്നത്, ഊബർ ടാക്സികളുടെ ഉപയോഗം, ഗതാഗതത്തിനിടെ സൈഡ് നൽകാത്തത് തുടങ്ങിയ നിസ്സാര കാരണങ്ങൾ പോലും അക്രമത്തിലേക്ക് നയിക്കുന്നു. ഊബർ വാഹനങ്ങളിൽ എത്തിയ വിദേശ സഞ്ചാരികളെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട
സംഭവങ്ങൾ ഇതിനകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അതിർത്തി പ്രദേശമായ ടോപ് സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങൾ അത്യന്തം ശോചനീയമാണ്.
തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ കാര്യക്ഷമമായ പൊലീസ് സംവിധാനങ്ങളില്ല. മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെയാണെങ്കിലും, തമിഴ്നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ടോപ് സ്റ്റേഷൻ ഇവർക്ക് 130 കിലോമീറ്റർ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്.
പതിനായിരത്തിലധികം സന്ദർശകർ എത്തുന്ന ഇവിടെ നിയമസഹായമോ പൊലീസ് സംരക്ഷണമോ ലഭിക്കാത്തത് സ്ഥിതി ഗുരുതരമാക്കുന്നു. ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തിന് നേരെയുണ്ടായ ആക്രമണമാണ് ഏറ്റവും ഒടുവിലത്തേത്.
തങ്ങളുടെ കടയുടെ മുൻപിൽ ബസ് നിർത്തിയിട്ടു എന്നാരോപിച്ച് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള സഞ്ചാരികളെ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് വട്ടവട
എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

