ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കണ്ണൂർ ബൈപാസ് ആരംഭിക്കുന്ന വേളാപുരത്ത് റീട്ടെയ്നിങ് വാളിന് പകരം വയഡക്ട് മാതൃകയിൽ റോഡ് നിർമിക്കാൻ സാധ്യതയേറുന്നു. നിർമാണരീതിയിൽ മാറ്റം വരുത്തുന്നതോടെ വേളാപുരം–അരോളി മാങ്കടവ് റോഡിലേക്കു അടിപ്പാത വേണമെന്ന ദീർഘകാലമായുള്ള ജനകീയ ആവശ്യത്തിന് പരിഹാരമാകും.
നിലവിൽ കോട്ടക്കുന്ന് മുതൽ കണ്ണൂർ വരെയുള്ള ഭാഗങ്ങളിൽ വയഡക്ട് മാതൃകയിലാണ് ദേശീയപാത നിർമാണം പുരോഗമിക്കുന്നത്. ഈ മാതൃക പാപ്പിനിശ്ശേരി വേളാപുരം വരെ വ്യാപിപ്പിക്കാനാണ് പുതിയ നിർദേശം.
ഇതിലൂടെ പലയിടങ്ങളിലായി തൂണുകളിൽ ഉയർത്തിയുള്ള റോഡ് നിർമാണം സാധ്യമാകും. വേളാപുരം മുതൽ തുരുത്തി വരെയുള്ള പ്രദേശം ചതുപ്പ് നിറഞ്ഞതാണ്.
ഇവിടെ റീട്ടെയ്നിങ് വാൾ നിർമിച്ചാൽ ഭാവിയിൽ തകർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് പാപ്പിനിശ്ശേരി പഞ്ചായത്ത് അധികൃതർ ഒരു വർഷം മുൻപേ ദേശീയപാത പ്രോജക്ട് ഡയറക്ടറെ രേഖാമൂലം അറിയിച്ചിരുന്നു. മണ്ണിന്റെ ഭാരം താങ്ങാൻ ശേഷിയില്ലാത്ത ഇത്തരം ചതുപ്പ് നിലങ്ങളിൽ വൻതോതിൽ മണ്ണിട്ടുയർത്തി നിർമാണം നടത്തുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടത്തിയ മണ്ണുപരിശോധനയിൽ പ്രദേശം അതീവ ദുർബലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ നിർമിക്കുന്ന വളപട്ടണം പാലത്തിന്റെ ഇരുവശത്തേക്കും സ്പാനുകൾ നീട്ടി നിർമാണം നടത്താനാണ് തീരുമാനം.
മണ്ണുറപ്പുള്ള പ്രദേശങ്ങളിൽ റീട്ടെയ്നിങ് വാൾ നിലനിർത്തുമെങ്കിലും, ദുർബലമായ ചതുപ്പ് പ്രദേശങ്ങളിൽ ഇതിനകം നിറച്ച മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചു കഴിഞ്ഞു. പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപമുള്ള അടിപ്പാതയോട് ചേർന്ന് ഇരുഭാഗത്തേക്കും സ്പാനുകൾ നീട്ടി പാലം നിർമിക്കാനാണ് നിലവിലെ പദ്ധതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

