ദേശീയപാത 66-ൽ കാവനാട് ആൽത്തറമൂടിന് സമീപമുള്ള ചെപ്പള്ളിമുക്ക് മേൽപ്പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ കലക്ടർ എൻ.ദേവിദാസ് നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു.
വിഷയത്തിൽ അന്തിമതീരുമാനം ഉണ്ടാകുന്നത് വരെ മേൽപാലത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ കരാറുകാർക്ക് കലക്ടർ കർശന നിർദേശം നൽകി. പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ്, ഗ്രൗണ്ട് വാട്ടർ വിഭാഗം ജില്ലാ മേധാവി എന്നിവരടങ്ങുന്നതാണ് സമിതി.
രണ്ട് ദിവസത്തിനകം സംഭവസ്ഥലം നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് കലക്ടർ അറിയിച്ചു.
നേരിട്ടുള്ള സന്ദർശനത്തിന് ശേഷമാണ് കലക്ടർ സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തത്. വിഷയത്തിൽ മന്ത്രി ഷിബു ബേബിജോണും ഇടപെട്ടിട്ടുണ്ട്.
സന്ദർശന വേളയിൽ നിർമാണ കമ്പനി പ്രതിനിധികൾ, ദേശീയപാത ഉദ്യോഗസ്ഥർ, കൗൺസിലർ ദീപു ഗംഗാധരൻ, മുൻകൗൺസിലർ എം.പുഷ്പാംഗദൻ എന്നിവർ സന്നിഹിതരായിരുന്നു. കാവനാട് ആൽത്തറമൂട്ടിൽ നിന്ന് കടവൂർ ഭാഗത്തേക്കുള്ള പാതയിൽ ഏകദേശം 100 മീറ്റർ നീളത്തിലാണ് ആദ്യം വിള്ളൽ ദൃശ്യമായത്.
ഗതാഗതത്തിനായി തുറന്നുനൽകാത്ത പാതയിൽ കാൽനടയാത്രക്കാരാണ് ഇത് ആദ്യം ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് എതിർവശത്തെ പാതയിലും സമാനമായ വിള്ളലുകൾ രൂപപ്പെട്ടു.
കരാർ കമ്പനി ടാർ ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കാൻ ശ്രമിച്ചെങ്കിലും വിടവ് വീണ്ടും വർധിക്കുകയാണുണ്ടായത്. തുടർന്ന് ഒരടി താഴ്ചയിൽ റോഡ് പൊളിച്ചുപണിയാൻ ശ്രമിച്ചെങ്കിലും, കൗൺസിലർ ദീപു ഗംഗാധരന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിക്കുകയും നിർമാണം തടയുകയുമായിരുന്നു.
കാവനാട് മുതൽ ശക്തികുളങ്ങര വരെ തൂണുകളിൽ മേൽപാലം നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

