വിതുര പൊന്മുടി സന്ദർശനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ അധ്യാപകനായ അനീഷിന്റെയും ശാലുവിന്റെയും മകൾ ത്രയനന്ദയാണ് അപകടത്തിൽ മരിച്ചത്.
പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ, 22 കൊടുംവളവുകളിൽ 21 എണ്ണം പിന്നിട്ട ശേഷം അവസാന വളവിനു തൊട്ടുമുൻപുള്ള 200 മീറ്റർ ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട വാഹനം സമീപത്തെ മരത്തിലിടിച്ച ശേഷം 30 അടി താഴ്ചയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു.
അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ ഡോറുകൾ തകർന്ന് അകത്തുകുടുങ്ങിയ നിലയിലായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
ഗുരുതരമായി പരുക്കേറ്റ ത്രയനന്ദയെ വനംവകുപ്പിന്റെ വാഹനത്തിൽ 13 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന അനീഷിന്റെ സഹോദരൻ അനൂപ്, ഭാര്യ അനു, മക്കളായ നിവേദ്, തീർഥ, സുഹൃത്തുക്കളായ അഖിന, ഗോപിക എന്നിവരെ പരുക്കുകളോടെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
കഴിഞ്ഞ ബുധനാഴ്ച കല്ലറ ഗവ.വിഎച്ച്എസ്എസിൽ മൂന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്ന ത്രയനന്ദ, സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളിലായിരുന്നു. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടിലെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

