കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർഥികൾ മന്ത്രി ടി.സിദ്ദീഖിന് സ്നേഹാശംസകൾ നേർന്നു.
വിഡിയോ കോൾ വഴിയായിരുന്നു വിദ്യാർഥികൾ തങ്ങളുടെ സന്തോഷവും നന്ദിയും അറിയിച്ചത്. “ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്.
ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്”- വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി ഒട്ടേറെ വിദ്യാർഥികൾ ഈ സംഭാഷണത്തിൽ പങ്കുചേർന്നു. വിദ്യാർഥികളുടെ വാക്കുകൾക്ക് മറുപടിയായി, ദുരന്തത്തിന്റെ തീവ്രതയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ ഈ വിദ്യാർഥികൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് മന്ത്രി ടി.സിദ്ദീഖ് അഭിപ്രായപ്പെട്ടു.
2024-ലെ ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയ 152 വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കാൻ ‘എംഎൽഎ കെയർ’ പദ്ധതിയിലൂടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് ഇവരുടെ പഠനച്ചെലവുകൾ പൂർണമായും ഏറ്റെടുത്തത്.
ഇതിലൂടെ മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മേഖലകളിൽ പഠനം തുടരാൻ വിദ്യാർഥികൾക്ക് സാധിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാകുന്ന മുറയ്ക്ക് ജോലി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ജില്ലയിൽ 351 വിദ്യാർഥികൾ ‘എംഎൽഎ കെയർ’ പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസം നേടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പദ്ധതി വഴി 21 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

