കളമശേരി: കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് തുറന്നുകൊടുത്തെങ്കിലും, ഇവിടെ ആവശ്യമായ ഫാനുകൾ സ്ഥാപിക്കാത്തത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ദുരിതമാകുന്നു. തിരഞ്ഞെടുപ്പിന് മുൻപായി ഓഡിറ്റോറിയം പൊതുജനങ്ങൾക്കായി തുറന്നു നൽകിയെങ്കിലും, ഇവിടുത്തെ അസഹനീയമായ ചൂട് നിയന്ത്രിക്കാൻ ബന്ധപ്പെട്ട
അധികൃതർക്ക് സാധിച്ചിട്ടില്ല. ഇന്നലെ ആരംഭിച്ച കുസാറ്റ് ചെസ് ടൂർണമെന്റിനെത്തിയ മത്സരാർഥികളും രക്ഷിതാക്കളും ചൂട് കാരണം ഏറെ പ്രയാസപ്പെട്ടു.
പങ്കെടുത്തവരിൽ ഭൂരിഭാഗവും കുട്ടികളാണ്. സംഘാടകർ പെഡസ്റ്റൽ ഫാനുകൾ നിരത്തി താത്കാലിക പരിഹാരത്തിന് ശ്രമിച്ചെങ്കിലും അതും പൂർണതോതിൽ ഫലവത്തായില്ല.
2023 നവംബർ 25ന് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തെത്തുടർന്ന് ഓഡിറ്റോറിയം അടച്ചിട്ടിരുന്നു. തുടർന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
എന്നാൽ, സുപ്രധാനമായ ഈ നവീകരണവേളയിൽ പോലും ഓഡിറ്റോറിയത്തിൽ സ്ഥിരമായി ഫാനുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല. പുറമേ നിന്ന് കൊണ്ടുവരുന്ന ഫാനുകൾ ഉപയോഗിക്കുന്നതിനായി പ്ലഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് വിഷയത്തിൽ അധികൃതരുടെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

