കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർഥികൾ മന്ത്രി ടി.സിദ്ദീഖുമായി വിഡിയോ കോളിലൂടെ സംവദിച്ചു.
തങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളിൽ കരുത്തായി നിന്ന വ്യക്തി ഉന്നത സ്ഥാനത്ത് എത്തിയത് തങ്ങളുടെ കൂടി വിജയമാണെന്ന് വിദ്യാർഥികൾ മന്ത്രിയോട് പങ്കുവെച്ചു. “ആരുമില്ലാത്തപ്പോൾ താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവർ ഉയരങ്ങളിലെത്തുമ്പോൾ അത് ഞങ്ങളുടെ കൂടി വിജയമാണ്.
ടൗൺഷിപ് ഉദ്ഘാടനവേളയിലെ കൂവൽ ഞങ്ങളുടെ കണ്ണുനിറച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മന്ത്രിക്കസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്”- വിദ്യാർഥികൾ വിഡിയോ കോളിനിടെ മന്ത്രി ടി.സിദ്ദീഖിനോട് പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി ഒട്ടേറെ വിദ്യാർഥികളാണ് മന്ത്രിയെ അഭിനന്ദിക്കാനായി വിഡിയോ കോളിലെത്തിയത്. വിദ്യാർഥികളുടെ വാക്കുകൾക്ക് നന്ദി അറിയിച്ച മന്ത്രി ടി.സിദ്ദീഖ്, അതിജീവനത്തിന്റെ പാതയിൽ ഈ കുട്ടികൾ കാണിക്കുന്ന ഇച്ഛാശക്തി സമൂഹത്തിന് വലിയ മാതൃകയാണെന്ന് പ്രതികരിച്ചു.
2024-ലെ ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് പഠനം തടസ്സപ്പെട്ട 152 വിദ്യാർഥികൾക്ക് ‘എംഎൽഎ കെയർ’ പദ്ധതിയിലൂടെ പ്രത്യേക പിന്തുണ നൽകിയിരുന്നു.
സിഎസ്ആർ ഫണ്ടുകൾ പ്രയോജനപ്പെടുത്തി മെഡിക്കൽ, എൻജിനീയറിങ്, ഏവിയേഷൻ തുടങ്ങിയ മുൻനിര മേഖലകളിൽ പഠനം തുടരാൻ കുട്ടികൾക്ക് അവസരമൊരുക്കിയതും പദ്ധതിയുടെ ഭാഗമായിരുന്നു. നിലവിൽ ജില്ലയിലെ 351 വിദ്യാർഥികൾ ‘എംഎൽഎ കെയർ’ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
പദ്ധതിയിലൂടെ പഠനം പൂർത്തിയാക്കിയ 21 പേർക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ തൊഴിൽ ലഭ്യമാക്കാൻ സാധിച്ചു. പഠനം തുടരുന്ന മുഴുവൻ വിദ്യാർഥികൾക്കും കോഴ്സ് പൂർത്തിയാക്കുന്ന മുറയ്ക്ക് തൊഴിൽ ഉറപ്പാക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

