ആലപ്പുഴ ജില്ലാക്കോടതി പാലത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുന്നതും, ഇതിനായി ക്രമീകരിച്ച സർവീസ് റോഡുകൾ തകർന്നതും ജനജീവിതത്തെ ദുസ്സഹമാക്കുന്നു. നിർമാണത്തിനായി തിരിച്ചുവിട്ട
തെക്കേക്കര, വടക്കേക്കര റോഡുകൾ കല്ലും ചെളിയും നിറഞ്ഞ് വലിയ കുഴികളായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി തെക്കേക്കരയിലെ റോഡ് ധൃതിപിടിച്ച് തുറന്നുകൊടുത്തെങ്കിലും, പിന്നീട് കിഫ്ബി ഉദ്യോഗസ്ഥരോ കരാർ കമ്പനിയോ ഇതിന്റെ അറ്റകുറ്റപ്പണികളിൽ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല.
എസ്ഡിവി സ്കൂൾ മുതൽ മുനിസിപ്പൽ ലൈബ്രറി വരെയുള്ള ഭാഗത്തെ റോഡുകൾ സുരക്ഷിതമല്ലാത്തതിനാൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവന്നിരുന്നു. അന്ന് നഗരസഭാധികൃതർ ഇത് സഞ്ചാരയോഗ്യമാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല.
നിലവിലെ നഗരസഭാ ഭരണസമിതിയും സമാനമായ പ്രഖ്യാപനങ്ങൾ ആവർത്തിച്ചെങ്കിലും പ്രായോഗികമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ടൈലുകളും കല്ലുകളും ഇളകി കിടക്കുന്ന റോഡിൽ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ നിരന്തരം അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്.
തെക്കേക്കരയിൽ മുല്ലയ്ക്കൽ മുതൽ അലുക്കാസ് വരെയും, മുല്ലയ്ക്കൽ മുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫിസ് വരെയുമുള്ള ഭാഗങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. കല്ലും കമ്പിയും നിറഞ്ഞ റോഡ് മഴ പെയ്തതോടെ ചെളിക്കുളമായി മാറിയിരിക്കുകയാണ്.
ഇതിനിടെ പൈപ്പ് ലൈൻ കൂടി പൊട്ടിയത് സ്ഥിതി വഷളാക്കി. സർവീസ് റോഡിന് അടിയിലൂടെയുള്ള കുടിവെള്ള പൈപ്പുകൾ ഭാരവാഹനങ്ങളുടെ സമ്മർദ്ദത്താൽ പൊട്ടാൻ സാധ്യതയേറെയാണെന്നും, നിർമാണം തീരുന്നതുവരെ ബദൽ സംവിധാനം ഒരുക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
മാർച്ച് മുതൽ മന്ദഗതിയിലായ പാലം നിർമാണം ഏപ്രിൽ ആദ്യം മുതൽ പൂർണ്ണമായും നിലച്ച മട്ടാണ്. കരാർ കമ്പനിയിലെ നൂറിലേറെ അതിഥിത്തൊഴിലാളികൾ വോട്ട് രേഖപ്പെടുത്താൻ പശ്ചിമ ബംഗാളിലേക്ക് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും കിഫ്ബി ഉദ്യോഗസ്ഥരുടെ പിൻമാറ്റവും നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

