കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം വീണ്ടും വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു വർഷമായി കാർഷിക മേഖലയ്ക്കും ജനജീവിതത്തിനും വലിയ ഭീഷണിയായി തുടരുന്ന ഒച്ചുശല്യം കയരളം, മേച്ചേരി, ചെക്യാട്ടുകാവ്, ചട്ടുകപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ പ്രകടമായിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ഈ മേഖലകൾ കേന്ദ്രീകരിച്ചാണ് ഒച്ചുകൾ വ്യാപകമായി കാണപ്പെട്ടിരുന്നത്. വിളനാശം രൂക്ഷമായ സാഹചര്യത്തിൽ, പരിഹാര നടപടികൾ ആവശ്യപ്പെട്ട് ഒരു വർഷം മുൻപ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു.
തുടർന്ന് മയ്യിൽ പഞ്ചായത്തിനും കൃഷിഭവനും ആരോഗ്യവകുപ്പിനും കമ്മിഷൻ നിർദേശം നൽകിയെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പേരിന് ഉപ്പ് വിതറിയുള്ള പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങൾ മാത്രമാണ് അന്ന് നടന്നത്.
അന്ന് കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ നിലവിലെ രൂക്ഷമായ സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് പൊതുപ്രവർത്തകനായ അഡ്വ.കെ.വി.മനോജ്കുമാർ മയ്യിൽ ചൂണ്ടിക്കാട്ടി. അതേസമയം, പ്രശ്നത്തിൽ അടിയന്തര ഇടപെടലുമായി പഞ്ചായത്ത് ഭരണസമിതി രംഗത്തെത്തിയിട്ടുണ്ട്.
പ്രസിഡന്റ് സി.സി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒച്ചുശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് നാട്ടുകാർക്ക് ബോധവൽക്കരണം നൽകി.
കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ വിദഗ്ധരുമായി സഹകരിച്ച് ഒച്ചുകളെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ വരുംദിവസങ്ങളിൽ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

