കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെയുണ്ടായ മോഷണത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്തു കടന്ന മോഷ്ടാവ്, അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ വൈഷ്ണവിനെ ഒരു മുറിയിൽ പൂട്ടിയിട്ട
ശേഷമാണ് അക്രമം നടത്തിയത്. പിക്കാസുമായി എത്തിയ പ്രതി, വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം മേശവലിപ്പ് കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.
തുടർന്ന് ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം എടുക്കാൻ സാധിച്ചില്ല. പിന്നീട് ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം കവർന്നു.
മോഷണത്തിനിടെ ക്ഷേത്രത്തിന്റെ പിൻവശത്തെ ഭണ്ഡാരം തകർക്കുന്നതിനിടെ വൈഷ്ണവ് മുറിയിൽ നിന്ന് പുറത്തെത്തുകയും മോഷ്ടാവുമായി ഏറ്റുമുട്ടുകയും ചെയ്തു. “പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന്” സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.
ഏറെ നേരത്തെ മൽപ്പിടുത്തത്തിനൊടുവിൽ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് പിൻവശത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

