പുനർനിർമാണത്തിനായി പൊളിച്ചുനീക്കിയ തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങൾ മാസങ്ങളായി പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. മാർച്ച് 7ന് അന്ന് ഗതാഗത വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കെ.ബി.ഗണേഷ്കുമാറാണ് ടെർമിനൽ നിർമാണോദ്ഘാടനം നിർവഹിച്ചത്.
അതിവേഗം നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, പദ്ധതി ആരംഭിച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും വലിയ ദുരിതമാണ് നേരിടുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ടെർമിനലിനായി 20 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.
അന്നത്തെ എംഎൽഎ പി.ബാലചന്ദ്രന്റെ വികസന ഫണ്ടിൽ നിന്ന് 7 കോടി രൂപ, നവകേരള സദസ്സ് ഫണ്ടിൽ നിന്ന് 5 കോടി രൂപ, ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരുന്നത്. തൃശൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മൂന്നുനില കെട്ടിടം, 24 ബസുകൾ ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം, റെയിൽവേ സ്റ്റേഷനെയും കെഎസ്ആർടിസി സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത, കന്റീൻ, ശുചിമുറി സമുച്ചയം, വെയിറ്റിങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം തുടങ്ങിയവയായിരുന്നു പദ്ധതിയിലെ പ്രധാന വാഗ്ദാനങ്ങൾ.
എന്നാൽ, കെട്ടിടം പൊളിച്ചതല്ലാതെ നിർമാണത്തിന്റെ ഭാഗമായുള്ള ഒരു പ്രവർത്തനവും ഇനിയും ആരംഭിച്ചിട്ടില്ല. നിലവിൽ ടെൻഡർ നടപടികൾ പോലും പൂർത്തിയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇപ്പോൾ ശക്തൻ സ്റ്റാൻഡിലാണ് കെഎസ്ആർടിസി ഓഫിസ് പ്രവർത്തിക്കുന്നത്. സമീപത്തുള്ള ഐഒസി പെട്രോൾ പമ്പിന്റെ സാന്നിധ്യം ബസുകൾക്ക് തിരിയാൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയുണ്ടാക്കുന്നു.
പാർക്കിങ് സൗകര്യത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദിവസവും 1200-ലധികം ബസുകൾ വന്നുപോകുന്ന ഈ സ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാർ ജീവൻ പണയം വെച്ചാണ് കടന്നുവരുന്നത്.
തിരക്കേറിയ റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നത് തിക്കും തിരക്കും വർധിപ്പിക്കുകയും അപകടസാധ്യത ഉയർത്തുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

