വയനാട്ടിലെ തോട്ടങ്ങളിൽ വിളഞ്ഞുപാകമായിട്ടും ആവശ്യക്കാരില്ലാതെ നശിച്ചുപോയിരുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യത. ദിവസവും ടൺ കണക്കിന് ചക്കയാണ് ജില്ലയിലെ തോട്ടങ്ങളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ പ്രധാന വിപണികളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്നത്.
കർണാടകയിലെ വിപണികളിൽ പച്ചച്ചക്ക, പഴുത്ത ചക്ക, ചക്കച്ചുളകൾ എന്നിവയ്ക്ക് വലിയ തോതിലുള്ള ആവശ്യകതയാണുള്ളത്. പ്രത്യേകിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള പാതയോരങ്ങളിൽ ചക്കപ്പഴത്തിന് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.
വിപണിയിൽ ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലും, 5 ചുളകൾ അടങ്ങിയ പാക്കറ്റിന് 30 രൂപ നിരക്കിലുമാണ് വിൽപ്പന നടക്കുന്നത്. ഒരു വലിയ ചക്ക മുറിച്ച് വിൽക്കുന്നതിലൂടെ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കർണാടകയിലേക്കും ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിക്കുന്നത്. വേനൽച്ചൂടിനെ അതിജീവിക്കുന്നതിനായി ഐസ് പാളികൾ നിരത്തിയാണ് ചക്കകൾ സുരക്ഷിതമായി കൊണ്ടുപോകുന്നത്.
ഓരോ വർഷവും ടൺ കണക്കിന് ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് അയക്കുന്നുണ്ടെങ്കിലും, അതിന്റെ വലിയൊരു ഭാഗം ഇപ്പോഴും തോട്ടങ്ങളിൽ തന്നെ പഴുത്ത് ചീഞ്ഞു നശിക്കുകയാണ്. ജില്ലയിൽ ചക്ക ഉൽപ്പന്നങ്ങൾ സംസ്കരിച്ച് വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പൂർണമായും ജൈവരീതിയിൽ വിളയിച്ചെടുക്കുന്ന മറ്റ് പഴവർഗങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. കാർഷിക മേഖലയിൽ പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, വിപണന സൗകര്യങ്ങളോ സംസ്കരണ കേന്ദ്രങ്ങളോ ഒരുക്കുന്നതിൽ നേരിടുന്ന വീഴ്ച കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

