മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയായി സഞ്ചാരികൾക്ക് നേരെയുള്ള അക്രമസംഭവങ്ങൾ പെരുകുന്നു. മാനഹാനിയും സമയനഷ്ടവും ഭയന്ന് ഭൂരിഭാഗം വിനോദസഞ്ചാരികളും പരാതി നൽകാൻ വിമുഖത കാണിക്കുന്നത് അക്രമികൾക്ക് കൂടുതൽ ധൈര്യം നൽകുന്നതായി വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഫലപ്രദമായ ഇടപെടലുകൾ നടത്താൻ അധികൃതർക്ക് സാധിച്ചിട്ടില്ല. മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിൽപ്പെട്ട് എത്തുന്ന സഞ്ചാരികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ വിനോദസഞ്ചാര മേഖലയുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്ക പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് പ്രധാനമായും സഞ്ചാരികൾ ദുരനുഭവങ്ങൾ നേരിടുന്നത്.
വാഹന പാർക്കിങ്, വാഹനങ്ങൾ ഉരസുന്നത്, ഊബർ സർവീസുകൾ ഉപയോഗിക്കുന്നത്, വാഹനങ്ങൾക്ക് സൈഡ് നൽകുന്നത് തുടങ്ങിയ നിസ്സാര കാര്യങ്ങളാണ് സംഘർഷങ്ങൾക്ക് വഴിവെക്കുന്നത്. ഊബർ വാഹനങ്ങളിൽ എത്തിയ വിദേശ വിനോദസഞ്ചാരികളെ പോലും ഇറക്കിവിടുന്ന സാഹചര്യമുണ്ടായത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
അതിർത്തി പ്രദേശമായ ടോപ് സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങൾ പൂർണമായും അവഗണിക്കപ്പെടുകയാണ്. തമിഴ്നാട് സർക്കാരിന്റെ പരിധിയിലുള്ള ഇവിടെ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
മൂന്നാറിൽ നിന്ന് 45 കിലോമീറ്റർ അകലെയാണെങ്കിലും, ടോപ് സ്റ്റേഷൻ 130 കിലോമീറ്റർ അകലെയുള്ള തമിഴ്നാട്ടിലെ കൊരങ്ങണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വരുന്നത്. പ്രതിദിനം പതിനായിരത്തിലധികം സന്ദർശകർ എത്തുന്ന ഇവിടെ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തത് വലിയ വീഴ്ചയാണ്.
ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘത്തിന് നേരെയുണ്ടായ അക്രമമാണ് ഒടുവിലത്തേത്. വഴിയോര കടയുടെ മുൻപിൽ ബസ് നിർത്തിയെന്നാരോപിച്ച് കച്ചവടക്കാരും നാട്ടുകാരും ചേർന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ മർദിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വട്ടവട എയ്ഡ് പോസ്റ്റിൽ നിന്നെത്തിയ രണ്ട് പോലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
സഞ്ചാരികളെ സംഘം ചേർന്ന് മർദിക്കുന്നതും വാഹനങ്ങൾ തകർക്കുന്നതും പതിവായിട്ടും നിയമനടപടികൾ സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

