വയനാടൻ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യത ലഭിക്കുന്നു. ജില്ലയിലെ വിവിധ തോട്ടങ്ങളിൽ നിന്നും ദിവസവും ലോഡ് കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ വിപണികളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തുന്നത്.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്ക ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്. പഴുത്ത ചക്ക, ചുളകൾ വേർപ്പെടുത്തിയവ, പച്ചച്ചക്ക എന്നിവയെല്ലാം ഇവിടെ സുലഭമാണ്.
നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില ഈടാക്കുന്നത്. ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന.
ഒരു വലിയ ചക്ക വിൽക്കുമ്പോൾ വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ് എന്നത് ശ്രദ്ധേയമാണ്. ഇതിനു പുറമെ, ഉത്തരേന്ത്യൻ വിപണികളിലേക്കും വയനാടൻ ചക്ക വലിയ തോതിൽ കയറ്റി അയക്കുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്. വേനൽച്ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ഗതാഗതം ക്രമീകരിക്കുന്നത്.
വർഷം തോറും ടൺ കണക്കിന് ചക്ക ഇത്തരത്തിൽ ജില്ലയിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും, വിളവെടുക്കാത്ത ഭൂരിഭാഗം ചക്കയും തോട്ടങ്ങളിൽ തന്നെ കിടന്ന് ചീഞ്ഞുനശിക്കുന്ന അവസ്ഥയാണ് തുടരുന്നത്. ജില്ലയിൽ ചക്ക ഉപയോഗപ്പെടുത്തി മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനോ, അവ കാര്യക്ഷമമായി വിപണനം ചെയ്യുന്നതിനോ ആവശ്യമായ സംവിധാനങ്ങൾ നിലവിലില്ല.
ജൈവരീതിയിൽ വിളയുന്ന മറ്റ് പഴവർഗ്ഗങ്ങളുടെ അവസ്ഥയും സമാനമാണ്. പഴവർഗ്ഗ കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, അവയ്ക്കായുള്ള വിപണി കണ്ടെത്താനോ കൃത്യമായ സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാനോ അധികൃതർക്ക് സാധിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

