വയനാട്ടിലെ തോട്ടങ്ങളിൽ വിളയുന്ന ചക്കയ്ക്ക് കർണാടകയിലെ വിപണികളിൽ വൻ സ്വീകാര്യത. വിളവെടുപ്പിന് ശേഷം ആവശ്യക്കാർ ഇല്ലാതെ തോട്ടങ്ങളിൽ പഴുത്തു നശിക്കുന്ന ചക്കയാണ് ഇപ്പോൾ അതിർത്തി കടന്ന് കർണാടകയിലെ വിപണികളിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും സജീവമാകുന്നത്.
ദിവസേന ലോഡ് കണക്കിന് ചക്കയാണ് വയനാട്ടിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിപണിയിൽ പഴുത്ത ചക്ക, ചുളകൾ വേർപെടുത്തിയവ, പച്ചച്ചക്ക എന്നിവയ്ക്ക് വൻ ആവശ്യക്കാരാണുള്ളത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ഇവ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ചുളകളടങ്ങിയ പാക്കറ്റിന് 30 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്.
ഈ കണക്കനുസരിച്ച് ഒരു ചുളയ്ക്ക് ആറു രൂപ നിരക്കിൽ വിപണനം നടക്കുമ്പോൾ, ഒരു വലിയ ചക്കയിൽ നിന്ന് വ്യാപാരികൾക്ക് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ, ഈ ചക്കയുടെ ഉൽപാദകരായ വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കർണാടകയിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകുന്നത്. വേനൽക്കാലത്ത് ചക്ക കേടുകൂടാതെ സൂക്ഷിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ലോഡ് കയറ്റി അയക്കുന്നത്.
ഇത്രയധികം സാധ്യതകൾ ഉണ്ടായിരുന്നിട്ടും, സംസ്കരണ സൗകര്യങ്ങളുടെ അഭാവം മൂലം വയനാട്ടിലെ തോട്ടങ്ങളിൽ വിളയുന്ന ചക്കയുടെ വലിയൊരു ഭാഗം ഇന്നും പാഴായി പോകുന്നു. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന ചക്കയും മറ്റ് പഴവർഗങ്ങളും സംസ്കരിക്കാനോ കൃത്യമായ വിപണന ശൃംഖല ഒരുക്കാനോ ജില്ലയിൽ സംവിധാനങ്ങളില്ല.
പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കാൻ നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമ്പോഴും, മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള സംസ്കരണ യൂണിറ്റുകൾ യാഥാർഥ്യമാകാത്തത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

