പറമ്പിക്കുളം-ആളിയാർ നദീജല കരാർ കേവലം ചിറ്റൂരിന്റെ മാത്രം വിഷയമല്ല; ഭാരതപ്പുഴയെ ആശ്രയിക്കുന്ന പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളുടെ കാർഷിക-സാമൂഹിക മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന വിഷയമാണിത്. ആളിയാർ അണക്കെട്ടിൽ നിന്ന് മൂലത്തറ വഴി ചിറ്റൂർപ്പുഴയിലേക്ക് എത്തുന്ന ജലമാണ് പിൽക്കാലത്ത് ഭാരതപ്പുഴയായി മാറുന്നത്.
1958 നവംബർ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ 1970 മേയ് 29നാണ് കേരളവും തമിഴ്നാടും തമ്മിലുള്ള ഈ നദീജല കരാർ യാഥാർത്ഥ്യമായത്. പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് അണക്കെട്ടുകൾ അടങ്ങുന്ന പറമ്പിക്കുളം സിസ്റ്റം, ആളിയാർ ഡാം, കേരള-തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, ലോവർ-അപ്പർ നീരാർ എന്നിവ ഈ കരാറിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
നിലവിലെ രീതി അനുസരിച്ച്, പറമ്പിക്കുളം അണക്കെട്ടിലെ ജലം ആളിയാർ ഡാമിലെത്തിച്ച് മണക്കടവ് വിയർ വഴി ചിറ്റൂർപ്പുഴയിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. കൂടാതെ, ആളിയാർ, തിരുമൂർത്തി ഡാമുകൾ വഴി തമിഴ്നാട്ടിലേക്കും കേരള ഷോളയാർ ഡാം വഴി ചാലക്കുടിപ്പുഴയിലേക്കും ജലം വിതരണം ചെയ്യപ്പെടുന്നു.
ഓരോ 30 വർഷം കൂടുമ്പോഴും ജലലഭ്യതയുടെ അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, ഈ അവസരം രണ്ടുതവണ ലഭിച്ചിട്ടും കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല.
നിലവിൽ ജൂലൈ ഒന്ന് മുതൽ അടുത്ത വർഷം ജൂൺ 30 വരെയുള്ള ജലവർഷത്തിൽ 7.25 ടിഎംസി ജലമാണ് കേരളത്തിന് ലഭിക്കുന്നത്. ഇത് 12.5 ടിഎംസിയായി വർദ്ധിപ്പിക്കണമെന്നത് പാലക്കാട് ജില്ലയുടെ ദീർഘകാല ആവശ്യമാണ്.
മുൻ ജലസേചന വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി മുൻകൈയെടുത്ത് മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ തലത്തിൽ ചർച്ചകൾ ആരംഭിച്ചിരുന്നുവെങ്കിലും, തുടർനടപടികൾ മന്ദഗതിയിലാണ്. പറമ്പിക്കുളം അണക്കെട്ടുകൾ കേരളത്തിലെ മുതലമട
പഞ്ചായത്തിലാണെങ്കിലും അതിന്റെ നിയന്ത്രണവും പരിപാലനവും തമിഴ്നാടിനാണെന്നത് കരാറിലെ മറ്റൊരു പ്രധാന പോരായ്മയാണ്. ചർച്ചകൾക്കായി കൃത്യമായ ഒരു ടൈം ഷെഡ്യൂൾ നിശ്ചയിച്ച് കരാർ പുനരവലോകനത്തിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

