ആമ്പല്ലൂർ മേഖലയിലെ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം നെന്മണിക്കര ഗ്രാമത്തെ വലിയൊരു വെള്ളക്കെട്ട് ഭീഷണിയിലേക്ക് തള്ളിവിടുമെന്ന് ആശങ്ക പുകയുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ഒഴുക്കി വിടുന്നതിനായുള്ള ഡ്രെയ്നേജ് സംവിധാനം നിർമിക്കാത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.
ദേശീയപാതയിൽ അടിപ്പാത നിർമിച്ചിട്ടുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറേക്ക് ഒഴുകുന്ന വെള്ളം പൂർണമായും നെന്മണിക്കര പ്രദേശത്തേക്കാണ് എത്തുന്നത്. ഇത് കാര്യക്ഷമമായി ഒഴുക്കി വിടാനുള്ള സൗകര്യം ഇല്ലാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
നിലവിലെ സാഹചര്യത്തിൽ നെന്മണിക്കരയിലേക്കുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെ പ്രവേശന കവാടങ്ങളിലും വെള്ളക്കെട്ടും ചെളിയും നിറയാൻ സാധ്യതയേറെയാണ്.
ഇത് ഏകദേശം അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുകയോ അല്ലെങ്കിൽ പാതകൾ അപകടാവസ്ഥയിലാക്കുകയോ ചെയ്തേക്കാം. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് നെന്മണിക്കര പഞ്ചായത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത അധികൃതർ ആമ്പല്ലൂരിൽ നേരിട്ടെത്തി പരിശോധന നടത്തി.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കാണണമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം. ദേശീയപാത മറികടന്നുള്ള വെള്ളം പുഴയിലേക്ക് ഒഴുക്കി വിടാൻ ആവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് പഞ്ചായത്ത് പ്രതിനിധികൾ അധികൃതരോട് ആവശ്യപ്പെട്ടു.
പരിശോധനയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, വാർഡ് അംഗം വി.ആർ.സുരേഷ് എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

