വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ നശിച്ചുപോയിരുന്ന ചക്കയ്ക്ക് അയൽ സംസ്ഥാനമായ കർണാടകയിലെ വിപണികളിൽ മികച്ച സ്വീകാര്യത ലഭിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദിവസവും ടൺ കണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലേക്ക് എത്തുന്നത്.
കർണാടകയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്ക ഇപ്പോൾ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. പച്ചച്ചക്ക, പഴുത്ത ചക്ക, ചുളയിരിഞ്ഞ ചക്ക എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ഇവ വിപണിയിൽ ലഭ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്നുള്ള പാതയോരങ്ങളിൽ ചക്കപ്പഴത്തിന് ആവശ്യക്കാരേറെയാണ്. നിലവിൽ അഞ്ച് ചുള അടങ്ങിയ പാക്കറ്റിന് 30 രൂപയാണ് വില.
ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലും വിൽപന നടക്കുന്നു. ഒരു ചക്ക മുറിച്ച് വിൽക്കുന്നതിലൂടെ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, കർഷകർക്ക് ലഭിക്കുന്നത് കേവലം 20 രൂപ മാത്രമാണ്.
വയനാടൻ ചക്ക ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്.
കടുത്ത ചൂടിൽ ചക്ക കേടുവരാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ഗതാഗതം ക്രമീകരിക്കുന്നത്. വർഷം തോറും വൻതോതിൽ ചക്ക പുറത്തേക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും, ജില്ലയിലെ ഭൂരിഭാഗം ചക്കയും തോട്ടങ്ങളിൽ തന്നെ വീണ് ചീഞ്ഞുനശിക്കുകയാണ്.
ചക്കയോ മറ്റ് ജൈവ പഴവർഗങ്ങളോ സംസ്കരിച്ച് വിപണനം നടത്താനുള്ള സംവിധാനങ്ങൾ ജില്ലയിൽ അപര്യാപ്തമാണ്. പഴവിള കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, അവയ്ക്കായുള്ള വിപണിയോ സംസ്കരണ കേന്ദ്രങ്ങളോ സ്ഥാപിക്കാൻ സാധിച്ചിട്ടില്ല എന്നത് വലിയൊരു പ്രതിസന്ധിയായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

