പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് മരിച്ച സോനയുടെ കുടുംബം രംഗത്തെത്തി.
സംഭവദിവസം പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവും അവൾക്കില്ലെന്ന് സോനയുടെ മാതാവ് വസന്ത വ്യക്തമാക്കി. ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ചതിനെത്തുടർന്നാണ് സോന പെട്രോൾ വാങ്ങിയതെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
സംഭവം നടന്ന ദിവസം രാവിലെ 10.30-ഓടെ സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നതായി വസന്ത ഓർമിക്കുന്നു. ആ സമയത്ത് അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് മകൾ ഉറപ്പുനൽകിയിരുന്നുവെന്നും അവർ പറഞ്ഞു.
ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസം പാലേരിയിലെ വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് തിരികെ കൊണ്ടുപോയത്. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട്, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ രംഗത്തെത്തി. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം തന്റെ മകന്റെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് രാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

