ആറന്മുള ഗവ. എച്ച്.എസ്.എസിലെ ഡൈനിങ് ഹാൾ അങ്കണവാടിയുടെ പ്രവർത്തനത്തിനായി വിട്ടുനൽകിയത് സ്കൂളിലെ വിദ്യാർഥികൾക്കും അങ്കണവാടി കുട്ടികൾക്കും ഒരുപോലെ ദുരിതമായി മാറുന്നു.
സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായി സജ്ജമാക്കിയ ഹാൾ വർഷങ്ങളായി അങ്കണവാടി കയ്യടക്കി വെച്ചിരിക്കുകയാണ്. ഇത് വിദ്യാർഥികളുടെ ഭക്ഷണ സൗകര്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ ഇരുനൂറ്റി അൻപതോളം കുട്ടികളിൽ 187 പേർ ഇവിടെ ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും, അങ്കണവാടി സ്ഥിതി ചെയ്യുന്നതിനാൽ അൻപത് കുട്ടികൾക്ക് പോലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇവിടെ സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്.
സ്കൂളിലെ പഴയ കെട്ടിടത്തിലെ ക്ലാസ് മുറിയിൽ ടൈൽ പാകുന്ന പ്രവൃത്തികൾ നടക്കുമ്പോൾ താൽക്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയതാണ് അങ്കണവാടി. അന്ന് അങ്കണവാടി ഉടൻ തിരികെ മാറ്റുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും എട്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
നിലവിൽ ഏഴ് കുട്ടികൾ മാത്രമുള്ള അങ്കണവാടിയുടെ പഠനവും ഭക്ഷണവും വിനോദവുമെല്ലാം ഈ ഒറ്റ മുറിയിൽ തന്നെയാണ് നടക്കുന്നത്. പ്രശ്നപരിഹാരത്തിനായി സ്കൂളിൽ പ്രവർത്തിക്കുന്ന അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ജില്ലാ പഞ്ചായത്ത് നിർദേശിച്ചിട്ടുണ്ട്.
സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അങ്കണവാടിക്കായി മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

