വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു ചീഞ്ഞുനശിക്കുന്ന ചക്കയ്ക്ക് കർണാടകയിലെ വിപണികളിൽ മികച്ച സ്വീകാര്യത. ദിവസവും ലോഡുകണക്കിനു ചക്കയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലേക്ക് എത്തുന്നത്.
അയൽ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്കയ്ക്ക് വലിയ പ്രചാരമാണ് ലഭിക്കുന്നത്. പഴുത്ത ചക്ക, ചുളയിരിഞ്ഞവ, പച്ചച്ചക്ക എന്നിവയെല്ലാം ഇവിടെ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ എത്തുന്നവരുടെ എണ്ണവും ഏറെയാണ്. 5 ചുള ചക്കപ്പഴത്തിന് 30 രൂപയും, ഒരു ചുളയ്ക്ക് 6 രൂപയുമാണ് വില.
ഒരു വലിയ ചക്ക വിൽക്കുമ്പോൾ കച്ചവടക്കാരന് ലഭിക്കുന്നത് 500 രൂപയിലധികമാണ്. എന്നാൽ, ചക്ക വിൽക്കുന്ന വയനാടൻ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്.
നിലവിൽ വയനാടൻ ചക്ക ഉത്തരേന്ത്യയിലേക്കും കയറ്റി അയക്കുന്നുണ്ട്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്തത് എന്നിങ്ങനെ തരംതിരിച്ച് ഐസ് പാളികൾ നിരത്തിയ ലോറികളിലാണ് ചക്ക കൊണ്ടുപോകുന്നത്.
ഓരോ വർഷവും വൻതോതിൽ ചക്ക പുറത്തേക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും, ജില്ലയിൽ വിളയുന്ന ചക്കയുടെ മുഖ്യഭാഗവും തോട്ടങ്ങളിൽ പഴുത്തു നശിക്കുകയാണ്. ചക്കയുൽപന്നങ്ങൾ സംസ്കരിച്ച് വിപണനം നടത്താനുള്ള ആധുനിക സംവിധാനങ്ങൾ ജില്ലയിൽ അപര്യാപ്തമാണ്.
തികച്ചും ജൈവരീതിയിൽ വിളയുന്ന ഇതര പഴങ്ങളുടെ അവസ്ഥയും സമാനമാണ്. പഴവർഗ്ഗ കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും, വിപണി കണ്ടെത്താനോ കൃത്യമായ സംസ്കരണ സാധ്യതകൾ ഒരുക്കാനോ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി കർഷകർ ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

