പറമ്പിക്കുളം-ആളിയാർ നദീജല കരാർ ചിറ്റൂരിന്റെ മാത്രം പ്രശ്നമല്ലെന്നും, ഭാരതപ്പുഴയുടെ പ്രധാന ജലനാഡിയായ ഈ കരാർ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളെയും കാർഷിക മേഖലയെയും നേരിട്ടു ബാധിക്കുന്നുവെന്നതും ഗൗരവകരമായ വിഷയമാണ്. പറമ്പിക്കുളം-ആളിയാർ പദ്ധതിയിലെ ആളിയാർ ഡാമിൽനിന്ന് മൂലത്തറ വഴി ചിറ്റൂർപ്പുഴയിലേക്ക് ജലമെത്തുകയും, പിന്നീട് പറളിയിൽ വെച്ച് ഭാരതപ്പുഴയായി മാറുകയും ചെയ്യുന്നു.
പദ്ധതിയുടെ ചരിത്രപരമായ പശ്ചാത്തലം പരിശോധിക്കുമ്പോൾ പറമ്പിക്കുളം, പെരുവാരിപ്പള്ളം, തൂണക്കടവ് അണക്കെട്ടുകൾ, ആളിയാർ ഡാം, കേരള-തമിഴ്നാട് ഷോളയാർ അണക്കെട്ടുകൾ, കോണ്ടൂർ കനാൽ, ആളിയാർ കനാൽ, ലോവർ നീരാർ, അപ്പർ നീരാർ എന്നിവയെല്ലാം കരാറിന്റെ ഭാഗമാണ്. പറമ്പിക്കുളം അണക്കെട്ടിൽ നിന്ന് ആളിയാറിലേക്കും, അവിടെനിന്ന് മണക്കടവ് വിയർ, മൂലത്തറ വഴി ചിറ്റൂർപ്പുഴയിലേക്കും ജലം എത്തുന്നു.
ഇതിനുപുറമെ, ആളിയാർ, തിരുമൂർത്തി ഡാമുകൾ വഴി തമിഴ്നാട്ടിലേക്കും കേരള ഷോളയാർ ഡാം വഴി തൃശൂർ ചാലക്കുടിപ്പുഴയിലേക്കും ജലവിതരണം നടക്കുന്നുണ്ട്. 1958 നവംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ 1970 മേയ് 29നാണ് കരാർ ഒപ്പുവെച്ചത്.
ഓരോ 30 വർഷം കൂടുമ്പോഴും കരാർ വ്യവസ്ഥകൾ പുനരവലോകനം ചെയ്യണമെന്ന നിബന്ധനയുണ്ടെങ്കിലും, കാലാവധി പൂർത്തിയായിട്ടും ഫലപ്രദമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. നിലവിൽ ഒരു ജലവർഷത്തിൽ (ജൂലൈ 1 മുതൽ അടുത്ത വർഷം ജൂൺ 30 വരെ) ആളിയാറിൽ നിന്ന് 7.25 ടിഎംസി ജലം മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്.
ഇത് 12.5 ടിഎംസിയായി വർധിപ്പിക്കണമെന്നത് പാലക്കാടിന്റെ ദീർഘകാല ആവശ്യമാണ്. മുൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ജലസേചന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലയളവിൽ ഉന്നതതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചർച്ചകൾ സജീവമായിരുന്നു.
എന്നാൽ 2021-ന് ശേഷം ജലസേചന വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ മന്ദഗതിയിലാണ്. മുതലമട
പഞ്ചായത്ത് പരിധിയിലാണ് പറമ്പിക്കുളം അണക്കെട്ടുകൾ സ്ഥിതിചെയ്യുന്നതെങ്കിലും, അണക്കെട്ടുകളുടെ നിയന്ത്രണവും അറ്റകുറ്റപ്പണികളും തമിഴ്നാടിന്റെ അധീനതയിലാണെന്നത് വസ്തുതയാണ്. കരാർ പുനരവലോകനത്തിനായി കൃത്യമായ സമയക്രമം നിശ്ചയിച്ച് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

