ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ ഉച്ചഭക്ഷണ വിതരണ സംവിധാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. സ്കൂളിലെ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടി അടിയന്തരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി.
2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ വിദ്യാർഥികൾക്കായി ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്. ഹൈസ്കൂൾ വിഭാഗത്തിലെ 187 വിദ്യാർഥികൾ ഭക്ഷണം കഴിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടിയും പ്രവർത്തിച്ചുപോരുന്നത്.
ആവശ്യമായ സ്ഥലസൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ 50 കുട്ടികൾക്ക് പോലും തികയാത്ത ഇടത്താണ് അങ്കണവാടിയുടെയും സ്കൂൾ വിദ്യാർഥികളുടെ ഭക്ഷണക്രമത്തിന്റെയും പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൂളിലെ പഴയ ഓടിട്ട
കെട്ടിടം അറ്റകുറ്റപ്പണികൾക്കായി മാറ്റിയപ്പോഴാണ് അങ്കണവാടി താത്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റി സ്ഥാപിച്ചത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഉടൻ അങ്കണവാടി മാറ്റിസ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും, എട്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഏഴ് കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ പാചകം, പഠനം, കളിയുപകരണങ്ങളുടെ സൂക്ഷിപ്പ് എന്നിവയെല്ലാം ഡൈനിങ് ഹാളിൽ തന്നെ തുടരുകയാണ്. സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ അങ്കണവാടിക്കായി അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി അവിടേക്ക് മാറ്റുക മാത്രമാണ് ഏക പോംവഴിയെന്നും, ഇതിനായി പഞ്ചായത്ത് അടിയന്തര ഇടപെടൽ നടത്തണമെന്നുമാണ് അധികൃതരുടെ നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

