വയനാട്ടിലെ തോട്ടങ്ങളിൽ ആവശ്യക്കാരില്ലാതെ പഴുത്തു നശിക്കുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വലിയ സ്വീകാര്യത ലഭിക്കുന്നു. ജില്ലയിൽനിന്ന് ദിവസവും ലോഡുകണക്കിന് ചക്കയാണ് കർണാടകയിലെ വിപണികളിലേക്ക് അതിർത്തി കടന്നുവരുന്നത്.
കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും ചക്കയ്ക്ക് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പഴുത്ത ചക്ക, ചുളകൾ, പച്ചച്ചക്ക എന്നിങ്ങനെ വിവിധ രൂപത്തിൽ വിപണിയിൽ ഇവ ലഭ്യമാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ ചക്കപ്പഴം വാങ്ങാൻ ധാരാളം ആളുകളാണെത്തുന്നത്. നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയും, ഒരു ചക്കച്ചുളയ്ക്ക് 6 രൂപയുമാണ് വില ഈടാക്കുന്നത്.
ഒരു ചക്ക മുറിച്ചു വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം ലാഭം ലഭിക്കുന്നുണ്ടെങ്കിലും, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. വയനാട്ടിൽ നിന്നു ശേഖരിക്കുന്ന ചക്കകൾ ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്തത് എന്നിങ്ങനെ തരംതിരിച്ച് ലോറികളിലാണ് ഉത്തരേന്ത്യൻ വിപണികളിലേക്കും അയക്കുന്നത്.
വേനൽച്ചൂടിൽ കേടുകൂടാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ചക്ക കയറ്റുമതി ചെയ്യുന്നത്. എല്ലാ വർഷവും ടൺ കണക്കിന് ചക്ക ജില്ലയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും, വിളവെടുക്കുന്ന ചക്കയുടെ ഭൂരിഭാഗവും തോട്ടങ്ങളിൽ തന്നെ പഴുത്തു ചീഞ്ഞു നശിക്കുകയാണ്.
ചക്ക മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനോ അവ വിപണനം ചെയ്യാനോ ഉള്ള സൗകര്യങ്ങൾ ജില്ലയിൽ നിലവിലില്ല. തികച്ചും ജൈവരീതിയിൽ വളരുന്ന മറ്റ് പഴങ്ങളുടെ അവസ്ഥയും സമാനമാണ്.
പഴവർഗ കൃഷി പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും, ഉൽപന്നങ്ങൾക്കായി വിപണി കണ്ടെത്താനോ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കാനോ അധികൃതർക്ക് സാധിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

