പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതിയുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നതെങ്കിലും, ഈ വാദം പൂർണ്ണമായും തള്ളിക്കളയുകയാണ് യുവതിയുടെ കുടുംബം.
സംഭവദിവസം പെട്രോൾ പമ്പിൽ നിന്നും ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അത്തരമൊരു കടുംകൈ ചെയ്യാൻ മകൾ ഒരിക്കലും തയ്യാറാവില്ലെന്ന് സോനയുടെ മാതാവ് വസന്ത ഉറപ്പിച്ചു പറയുന്നു. “പെട്രോൾ രജിൻ ലാൽ പറഞ്ഞു വാങ്ങിപ്പിച്ചതായിരിക്കാം” എന്ന സംശയമാണ് അവർ ഉയർത്തുന്നത്.
സംഭവദിവസം രാവിലെ 10.30-ഓടെ സോന തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും, ആ സമയത്ത് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും വസന്ത വ്യക്തമാക്കി. രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് അറിയിച്ചിരുന്നു.
ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസത്തോളം പാലേരിയിലെ വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്നെത്തിയ ശേഷമാണ് കൂട്ടിക്കൊണ്ടുപോയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങളെ നിഷേധിച്ച് രംഗത്തെത്തി. തന്റെ മകന്റെ മേൽ വ്യാജ ആരോപണങ്ങൾ കെട്ടി വെക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്നാണ് രാജൻ ആരോപിക്കുന്നത്.
ഇരു കുടുംബങ്ങളും ഉന്നയിക്കുന്ന ആരോപണങ്ങൾ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

