പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും ലക്ഷ്യമിട്ട് ആവിഷ്കരിച്ച മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി അവതാളത്തിൽ.
വൻതുക ചെലവഴിച്ച് പഞ്ചായത്തുകൾ സംഭരിച്ച മെൻസ്ട്രൽ കപ്പുകൾ ഗുണഭോക്താക്കളിലേക്ക് എത്താതിരുന്നതിനെത്തുടർന്ന് കാലാവധി കഴിഞ്ഞ് നശിക്കുന്ന അവസ്ഥയാണുള്ളത്. നൂറു ശതമാനം സബ്സിഡി നിരക്കിൽ ഇവ സ്ത്രീകൾക്ക് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി സബ് സെന്ററുകളിൽ കപ്പുകൾ എത്തിച്ചെങ്കിലും, നിർബന്ധമായും നടത്തേണ്ടിയിരുന്ന ബോധവൽക്കരണ ക്ലാസുകൾ മുടങ്ങിയതാണ് പദ്ധതിയുടെ പരാജയത്തിന് പ്രധാന കാരണം. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ പദ്ധതി നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നാരങ്ങാനം പഞ്ചായത്തിൽ 3.44 ലക്ഷം രൂപയ്ക്ക് വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. ബാക്കി 945 എണ്ണം മെയിൻ ഹെൽത്ത് സെന്ററിലും വിവിധ സബ് സെന്ററുകളിലും കെട്ടിക്കിടക്കുകയാണ്.
പന്തളം തെക്കേക്കരയിൽ ഒരു ലക്ഷം രൂപ ചെലവിൽ വാങ്ങിയ 333 കപ്പുകളും വിതരണം ചെയ്തിട്ടില്ല. ഗുണഭോക്താക്കളുടെ കൃത്യമായ കണക്കെടുക്കാതെയായിരുന്നു ഇവിടെ പർച്ചേസ് നടത്തിയത്.
കടപ്രയിൽ 2.95 ലക്ഷം രൂപയ്ക്ക് 985 കപ്പുകൾ വാങ്ങിയെങ്കിലും ഗുണഭോക്തൃ പട്ടികയിലുള്ളത് വെറും 80 പേർ മാത്രം. ഇതിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്തത്.
കുറ്റൂർ പഞ്ചായത്തിൽ 4.26 ലക്ഷം രൂപ ചെലവിൽ വാങ്ങിയ 1423 കപ്പുകളിൽ 571 എണ്ണം ഇപ്പോഴും വിതരണം ചെയ്യപ്പെടാതെ കിടക്കുന്നു. കോന്നി പഞ്ചായത്തിലും സമാനമായി 52 കപ്പുകൾ വിതരണം ചെയ്യാനുണ്ട്.
പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ മെൻസ്ട്രൽ കപ്പുകൾ ആർത്തവ ശുചിത്വ മേഖലയിൽ വലിയ മാറ്റമുണ്ടാക്കാൻ ശേഷിയുള്ളതാണ്. എന്നാൽ ശരിയായ പ്രചാരണ പരിപാടികളുടെ അഭാവം പദ്ധതിയെ അട്ടിമറിക്കുകയായിരുന്നു.
ആശാ വർക്കർമാരെയും കുടുംബശ്രീ യൂണിറ്റുകളെയും ഏകോപിപ്പിച്ച് ശാസ്ത്രീയമായ ബോധവൽക്കരണം നടത്തിയാൽ മാത്രമേ പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കൂ എന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

