ചെങ്ങന്നൂർ കൊഴുവല്ലൂർ കിഴക്കേ മോടിയിൽ തങ്കമ്മയുടെ വീടിനോടു ചേർന്നുള്ള ആ മഞ്ഞക്കുറ്റി ഇന്നും മാറ്റമില്ലാതെ നിലനിൽക്കുന്നു. 2022 മാർച്ച് 14-ന് തങ്കമ്മയുടെ ഒറ്റമുറിക്കൂരയ്ക്കു മുന്നിൽ അധികൃതർ സ്ഥാപിച്ച ഈ അടയാളം പിന്നീട് സംസ്ഥാനത്തെ ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്നിന്റെ പ്രതീകമായി മാറുകയായിരുന്നു.
തങ്കമ്മയ്ക്ക് പുതിയ വീട് നിർമിച്ചു നൽകുമെന്ന അധികൃതരുടെ വാഗ്ദാനം പൂർത്തീകരിക്കപ്പെടാതെ പോയപ്പോൾ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുൻകൈയെടുത്ത് 7.75 ലക്ഷം രൂപ ചെലവഴിച്ചാണ് അവർക്ക് സുരക്ഷിതമായ ഭവനം നിർമിച്ചു നൽകിയത്. സമരം നടന്ന സ്ഥലങ്ങളിൽ കൃഷി ചെയ്ത വാഴകളിൽ നിന്ന് ലഭിച്ച വരുമാനം ഉൾപ്പെടെ ഇതിനായി വിനിയോഗിച്ചു.
പദ്ധതി ഉപേക്ഷിച്ചുവെന്ന വാർത്തയിൽ വലിയ ആശ്വാസമുണ്ടെന്നും, പൂർവികർ താമസിച്ച ഭൂമി സംരക്ഷിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും തങ്കമ്മ പ്രതികരിച്ചു. പദ്ധതി റദ്ദാക്കിയെന്ന ഔദ്യോഗിക വാർത്ത പുറത്തുവന്നതോടെ മുളക്കുഴ ജംക്ഷനിൽ ഒത്തുചേർന്ന സമരസമിതി പ്രവർത്തകർ പഴയകാല സമര പോരാട്ടങ്ങൾ അനുസ്മരിച്ചു.
2022 മാർച്ച് നാലുമുതൽ സംഘർഷഭരിതമായ മുളക്കുഴ മേഖലയിൽ, ഊരിക്കടവ് പാലത്തിനു സമീപം ആദ്യ കുറ്റി സ്ഥാപിച്ച സമയത്തുണ്ടായ പൊലീസ് നടപടികൾ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അന്ന് പൊലീസിന്റെ മർദനത്തിനിരയായ ശാന്തമ്മ സ്റ്റീഫൻ, എ.ബിമൽജി, റെജി തോമസ്, ഷീജ തുടങ്ങിയവർ അക്കാലത്തെ ഭീതിയും വേദനയും പങ്കുവെച്ചു.
കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് പങ്കെടുത്ത യോഗത്തിൽ, പിഴുതെറിഞ്ഞ മഞ്ഞക്കുറ്റി സമരക്കാർ ഉയർത്തിക്കാട്ടി. ‘കെ റെയിൽ വരില്ല കേട്ടോ’ എന്നെഴുതിയ ബാനറുകളുമായി വിജയാഹ്ലാദം പ്രകടിപ്പിക്കാൻ പ്രവർത്തകർ മറന്നില്ല.
ജില്ലയിൽ പള്ളിക്കൽ, നൂറനാട്, വെൺമണി, ചെങ്ങന്നൂർ എന്നിവിടങ്ങളിലായിരുന്നു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ ഒന്നിന് പടനിലത്ത് ആയിരക്കണക്കിന് ആളുകളെ അണിനിരത്തി നടത്തിയ പ്രക്ഷോഭം ഏറെ ശ്രദ്ധ നേടിയിരുന്നു.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരവും, വിവിധ പഞ്ചായത്തുകളിൽ നടന്ന ഒപ്പുശേഖരണങ്ങളും, ബിജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളും സമരവീര്യം ജ്വലിപ്പിച്ചു നിർത്തി. 2022 മാർച്ചിൽ കല്ലിടൽ ആരംഭിച്ചതോടെ സംഘർഷങ്ങൾ രൂക്ഷമാവുകയും എംപിമാർക്കും നേതാക്കൾക്കുമെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
സിൽവർ ലൈൻ പദ്ധതിക്കായി ജില്ലയിൽ 42.0884 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ വിവിധ വില്ലേജുകളിലായാണ് ഇത് നിശ്ചയിച്ചിരുന്നത്.
സമരവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 41 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഇതിൽ 33 കേസുകൾ പിഴയടച്ച് തീർപ്പാക്കിയപ്പോൾ, ബാക്കി 8 കേസുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

