ജാർഖണ്ഡിൽ മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്ത മധ്യവയസ്കൻ ദിവസങ്ങൾക്ക് ശേഷം സുരക്ഷിതനായി തിരിച്ചെത്തി. 45-കാരനായ വിശ്രാം മുണ്ടയാണ് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയത്.
സംഭവം ഇങ്ങനെ: മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.
തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായ നിലയിൽ ഒരു മൃതദേഹം കണ്ടെടുത്തു. വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കൾ, മൃതദേഹത്തിന് വിശ്രാം മുണ്ടയുമായി ഉണ്ടായിരുന്ന ശാരീരിക സാദൃശ്യങ്ങൾ കണ്ട് അത് അദ്ദേഹത്തിന്റേതാണെന്ന് തെറ്റായി തിരിച്ചറിയുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കി പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ഗോത്രവർഗ്ഗ ആചാരപ്രകാരം സംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. സംസ്കാരം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് വിശ്രാം മുണ്ട
മകളുടെ വാടക വീട്ടിലെത്തിയത്. അപ്രതീക്ഷിതമായി വിശ്രാമിനെ ജീവനോടെ കണ്ട
ബന്ധുക്കൾ അമ്പരപ്പിലായി. താൻ ആരോടും പറയാതെ 70 കിലോമീറ്റർ അകലെയുള്ള രാംഗഢിലേക്ക് പോയതാണെന്ന് ഇയാൾ വീട്ടുകാരോട് വിശദീകരിച്ചു.
ഈ സാഹചര്യത്തിൽ, അടക്കം ചെയ്ത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. മൃതദേഹം പുറത്തെടുത്ത് ഡിഎൻഎ പരിശോധന നടത്താനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

