ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ചികിത്സയിലിരിക്കെ അന്തരിച്ചു. മകന്റെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം നടന്നത്. സഹോദരിയെ പിതാവ് ശാസിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
തർക്കത്തിനിടെ മകൻ സുനിൽ (35) കൈക്കോട്ട് ഉപയോഗിച്ച് പിതാവിനെ വെട്ടുകയായിരുന്നുവെന്ന് ആലത്തൂർ പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് സുനിലിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു.
മരിച്ച മുത്തുവിന്റെ ഭാര്യ: ദൈവാനി. മക്കൾ: സുമിത, സുനിൽ, സുചിത്ര.
മരുമക്കൾ: സുരേഷ്, പാർഥിപൻ. സഹോദരങ്ങൾ: മാണി, ചെല്ല, കല്യാണി, പരേതരായ കണ്ടൻ, മണിയൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

