പാലക്കാട് കുളപ്പുള്ളിക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടിൽ സുനിൽ (50) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപമുള്ള വളവിലായിരുന്നു അപകടം സംഭവിച്ചത്. പട്ടാമ്പിയിൽ നിന്നും ഷൊർണൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്, മുന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇടിച്ചതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വിലയിരുത്തുന്നു.
ബസ് തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും സുനിൽ റോഡിലേക്ക് തെറിച്ചുവീഴുകയും, തുടർന്ന് ബസ്സിന്റെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

