സിൽവർലൈൻ പദ്ധതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തോടെ, വർഷങ്ങളായി നൂറുകണക്കിന് കുടുംബങ്ങളുടെ മുകളിൽ തൂങ്ങിനിന്നിരുന്ന ആശങ്കകൾക്ക് അറുതിയായി. പദ്ധതിയുടെ അലൈൻമെന്റിൽ വീട് ഉൾപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായ കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോണിന്റെ കുടുംബം ഏറെക്കാലമായി ആശങ്കയിലായിരുന്നു.
ദുബായിലെ ഇരുപത് വർഷത്തെ പ്രവാസജീവിതത്തിലൂടെ സമ്പാദിച്ച തുക വിനിയോഗിച്ച് നിർമിച്ച വീടിന്റെ ഗൃഹപ്രവേശം പദ്ധതി കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. നിലവിൽ ഇത്യോപ്യയിൽ മാർക്കറ്റിങ് മാനേജറായി ജോലി ചെയ്യുന്ന ഉമ്മൻ ജോൺ, അടുത്ത വർഷം നാട്ടിലെത്തിയ ശേഷം ഗൃഹപ്രവേശം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.
മുൻ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസായ എലിസബത്ത് ജോൺ ഉൾപ്പെടെയുള്ളവർ പദ്ധതി അനിശ്ചിതത്വത്തിലായ കാലയളവിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. അതേസമയം, മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനിൽ 1490 ദിവസങ്ങളായി നിലനിന്നിരുന്ന സമരപ്പന്തൽ ഒടുവിൽ ചരിത്രമായി മാറുകയാണ്.
2022 ഏപ്രിൽ 20-ന് ആരംഭിച്ച സമരവേദിയിൽ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഐക്യദാർഢ്യവുമായി എത്തിയിരുന്നു. സമരനായിക റോസ്ലിൻ ഫിലിപ്പിന്റെ പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന പന്തൽ പൊളിച്ചുമാറ്റുമ്പോൾ സമരകാലത്തെ സംഘർഷങ്ങൾ ഓർത്തെടുത്ത് മകൾ സോമിയ മെറിൻ ഫിലിപ്പ് ആശ്വാസം പങ്കുവെച്ചു.
“ഇപ്പോൾ ഞാൻ ഹാപ്പിയാണ്.. മുഖ്യമന്ത്രി പറഞ്ഞില്ലോ കെറെയിൽ വരില്ലെന്ന്.
അന്ന് റോഡിൽ ഉരഞ്ഞ് അമ്മയുടെ കയ്യും കാലും പൊട്ടി ചോര വന്നിട്ടും പൊലീസ് ജീപ്പിലേക്ക് തള്ളിക്കയറ്റി” എന്ന് സോമിയ ഓർമിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ സമരസമിതി സംതൃപ്തി രേഖപ്പെടുത്തി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ ‘നിങ്ങൾ പ്രതീക്ഷിക്കുന്ന വാർത്ത ഉടനെ എത്തും’ എന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം, നാളെ വൈകുന്നേരം 5 മണിക്ക് കോട്ടയം ഗാന്ധി സ്ക്വയറിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ‘വിക്ടറി ഡേ’ ആഘോഷിക്കും.
സമരപ്പന്തൽ നീക്കം ചെയ്യുന്ന വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യം സമരക്കാർ അഭ്യർത്ഥിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

