പശ്ചിമ ബംഗാളിലെ ഫൽത നിയമസഭാ മണ്ഡലത്തിൽ ഇന്ന് പുനർ വോട്ടെടുപ്പ് നടക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മണ്ഡലത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 29-ന് നടന്ന വോട്ടെടുപ്പിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ അസാധുവാക്കിയത്. ഇതിനെത്തുടർന്ന് മണ്ഡലത്തിലെ 285 ബൂത്തുകളിലും സമ്പൂർണമായി പുനർവോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
ഈ മാസം 24-നാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ, മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗിർ ഖാൻ മത്സരത്തിൽ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചു. “പ്രദേശത്ത് സമാധാനവും വികസനവും ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെയാണ് തന്റെ തീരുമാനം” എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഫൽതയ്ക്കായി ബിജെപി നേതൃത്വത്തിലുള്ള പുതിയ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിനെ അഭിനന്ദിക്കുകയും ചെയ്തു.
എന്നാൽ, ജഹാംഗിർ ഖാന്റെ തീരുമാനം വ്യക്തിപരമാണെന്നും പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും തൃണമൂൽ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. നിലവിൽ ബിജെപിയുടെ ദേബാങ്ഷു പാണ്ഡ, കോൺഗ്രസിന്റെ അബ്ദുൾ റസാഖ് മൊല്ല, സിപിഎമ്മിന്റെ ശംഭു നാഥ് കുർമി എന്നിവരാണ് പ്രധാന മത്സരരംഗത്തുള്ളത്.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി തുടരുകയാണ്. പശ്ചിമ ബംഗാളിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി.
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബിജെപി സർക്കാർ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നും, ഭരണഘടനാപരമായ മൂല്യങ്ങളെ ഈ സർക്കാർ തകർക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളെയും ബുൾഡോസർ നടപടികളെയും രൂക്ഷമായി വിമർശിച്ച മമത, മുഖ്യമന്ത്രി സുവേന്ദു അധികാരിയെയും ലക്ഷ്യം വെച്ചു.
കേന്ദ്രത്തിലെ മോദി സർക്കാരിന്റെ ഭരണകാലം എണ്ണപ്പെട്ടു കഴിഞ്ഞുവെന്നും അവർ പറഞ്ഞു. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ മെയ് 21-ന് കൊൽക്കത്തയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

