ഇറ്റലി സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിക്ക് നൽകിയ സമ്മാനം ഓഹരി വിപണിയിൽ കൗതുകകരമായ ചലനങ്ങൾക്ക് വഴിവെച്ചു. തങ്ങളുടെ സൗഹൃദത്തിന്റെ പ്രതീകമായി ‘മെലഡി’ ചോക്ലേറ്റുകളാണ് പ്രധാനമന്ത്രി മെലോനിക്ക് കൈമാറിയത്.
ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ മെലോനി എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരുന്നു. “Thank you for the gift” എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികളിൽ അപ്രതീക്ഷിത കുതിച്ചുചാട്ടം പ്രകടമായി. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിലായിരുന്ന ഓഹരി വില, തലേദിവസത്തെ ക്ലോസിങ് നിരക്കായ 5 രൂപയിൽ നിന്നും 4.84 രൂപയിലേക്ക് താഴ്ന്നിരുന്നു.
എന്നാൽ വീഡിയോ ശ്രദ്ധ നേടിയതോടെ ഓഹരി വില 5.25 രൂപയിലേക്ക് ഉയരുകയും 5 ശതമാനം നേട്ടത്തോടെ അപ്പർ സർക്യൂട്ടിൽ എത്തുകയും ചെയ്തു. എങ്കിലും, ഈ മുന്നേറ്റത്തിന് പിന്നിൽ വലിയൊരു അബദ്ധം ഒളിഞ്ഞിരിപ്പുണ്ട്.
പ്രധാനമന്ത്രി സമ്മാനിച്ചത് പ്രമുഖ ബിസ്കറ്റ് നിർമ്മാതാക്കളായ പാർലെ പ്രോഡക്ട്സ് നിർമ്മിക്കുന്ന ചോക്ലേറ്റാണ്. എന്നാൽ പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയല്ല.
അതേസമയം, ഓഹരി വിപണിയിൽ കുതിച്ചുചാട്ടം നടത്തിയ പാർലെ ഇൻഡസ്ട്രീസ് റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു കമ്പനിയാണ്. പേരിലെ സാമ്യം നിക്ഷേപകരിൽ സൃഷ്ടിച്ച തെറ്റിദ്ധാരണയാണ് കമ്പനിയുടെ ഓഹരി വിലയിൽ അകാരണമായ വർധനയുണ്ടാക്കിയത്.
പാർലെ പ്രോഡക്ട്സ് തങ്ങളുടെ ഐപിഒ സംബന്ധിച്ച വാർത്തകൾ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. എങ്കിലും, പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ തങ്ങളുടെ ഉൽപ്പന്നത്തിന് ആഗോളതലത്തിൽ വലിയ ശ്രദ്ധ ലഭിച്ചതായി പാർലെ പ്രോഡക്ട്സ് അധികൃതർ വ്യക്തമാക്കി.
റോമിലെത്തിയ പ്രധാനമന്ത്രി മോദി, മെലോനിക്കൊപ്പം അത്താഴ വിരുന്നിലും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശനത്തിലും പങ്കുചേർന്നിരുന്നു. (നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

