കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടങ്ങൾ സംഭവിച്ച അറുനൂറിലേറെ കുടുംബങ്ങൾക്ക് രണ്ടു വർഷം പിന്നിട്ടിട്ടും അർഹമായ ദുരിതാശ്വാസ ഫണ്ട് ലഭിച്ചില്ല. വീടും റോഡും തകർന്നതുൾപ്പെടെയുള്ള നഷ്ടങ്ങൾക്ക് സർക്കാർ അനുവദിക്കുമെന്ന് ഉറപ്പുനൽകിയ തുക ഇതുവരെയും ലഭ്യമായിട്ടില്ല.
പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മന്ത്രിതലം എന്നിവിടങ്ങളിലായി നിരവധി തവണ പരാതികൾ സമർപ്പിച്ചിട്ടും നടപടികൾ അനന്തമായി നീളുകയാണ്. തകർന്ന വീടുകളും റോഡുകളും ഇന്നും അറ്റകുറ്റപ്പണി നടത്താതെ കിടക്കുകയാണെന്ന് ബാധിക്കപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് സർക്കാർ അനുവദിക്കേണ്ടത്. കൃഷിനാശം സംഭവിച്ചവർ, വീടുകൾ ഭാഗികമായും പൂർണമായും തകർന്നവർ എന്നിവരെല്ലാം നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി തുക വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച വിവരങ്ങൾ കലക്ടർക്കും സർക്കാരിനും കൈമാറിയിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ഫണ്ട് പാസായതായി വിവരം ലഭിച്ചെങ്കിലും തുക അക്കൗണ്ടിലെത്തിയില്ല. തുടർന്ന് നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ തുക ലഭിക്കുമെന്ന് കരുതിയെങ്കിലും അതും ഫലം കണ്ടില്ല.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിന് പിന്നാലെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ വീണ്ടും വകുപ്പിന് റിമൈൻഡർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് വൈകിയതോടെ പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ കരാറുകാർക്കും തുക ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വെള്ളപ്പൊക്കത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ദുരന്ത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

