തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് പാർട്ടിക്ക് സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നു.
പി വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നാളെ മന്ത്രിമാരായി ചുമതലയേൽക്കും. നാളെ രാവിലെ 10 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണറുടെ ചുമതലയുള്ള ആർ വി ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മേലൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി വിശ്വനാഥൻ, തമിഴ്നാട്ടിൽ ജനറൽ സീറ്റിൽ വിജയിച്ച ഏക ദളിത് സ്ഥാനാർത്ഥിയാണ്.
കിള്ളിയൂർ എംഎൽഎയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ രാജേഷ് കുമാറും മന്ത്രിസഭയുടെ ഭാഗമാകും. മന്ത്രിസഭാ വികസനം പൂർത്തിയാകുന്നതോടെ വിജയ് സർക്കാരിലെ മന്ത്രിമാരുടെ എണ്ണം ഇരുപതിലധികമായി വർദ്ധിക്കും.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുൻനിർത്തി സഖ്യത്തെ കൂടുതൽ സുശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസിനെ ഭരണത്തിൽ പങ്കാളികളാക്കുന്നതെന്നാണ് ടിവികെയുടെ വിലയിരുത്തൽ. കൃഷി, ഉന്നത വിദ്യാഭ്യാസം, റവന്യൂ തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആർക്ക് ലഭിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.
അതേസമയം, വിസികെയും മുസ്ലിം ലീഗും വരും ദിവസങ്ങളിൽ മന്ത്രിസഭയിൽ ചേരുമെന്ന് ടിവികെ അറിയിച്ചു. സഖ്യകക്ഷികളായ വിസികെയും സിപിഎമ്മും ശക്തമായി എതിർത്ത സാഹചര്യത്തിൽ, അണ്ണാഡിഎംകെയിലെ വിമത വിഭാഗത്തെ ഇപ്പോൾ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചിട്ടുണ്ട്.
എ ഐ എ ഡി എം കെ അംഗങ്ങളെ ഉൾപ്പെടുത്തിയാൽ പിന്തുണ പിൻവലിക്കുമെന്ന് സി പി എം നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

