കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും വീടുകളും റോഡുകളും തകർന്ന് ദുരിതമനുഭവിക്കുന്ന അറുനൂറിലേറെ കുടുംബങ്ങൾ ഇപ്പോഴും പ്രതിസന്ധിയിൽ തുടരുന്നു. ദുരന്തം സംഭവിച്ച് രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇവർക്ക് ലഭ്യമായിട്ടില്ല.
പഞ്ചായത്ത് അധികൃതർക്കും ജില്ലാ ഭരണകൂടത്തിനും മന്ത്രിതലത്തിലും നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. തകർന്ന വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികൾ പോലും ഇനിയും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിൽ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് വിതരണം ചെയ്യാനുള്ളത്. കൃഷിനാശം സംഭവിച്ചവർ, വീട് ഭാഗികമായും പൂർണമായും തകർന്നവർ എന്നിവർ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിതരണത്തിനുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അർഹരായവരുടെ പട്ടിക കലക്ടർക്കും സർക്കാരിനും സമർപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പിനു ശേഷം ഫണ്ട് അനുവദിച്ചതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ജില്ലാ ഭരണകൂടത്തിന് അറിയിപ്പ് ലഭിച്ചെങ്കിലും തുക അക്കൗണ്ടുകളിൽ എത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപെങ്കിലും തുക ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയായതോടെ, കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച റിമൈൻഡർ റിപ്പോർട്ട് വീണ്ടും വകുപ്പിന് കൈമാറി. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ഫണ്ട് വൈകിയതിനെ തുടർന്ന് പല അത്യാവശ്യ പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഈ കരാറുകാർക്കും ഇതുവരെയും പണം ലഭിച്ചിട്ടില്ല.
വെള്ളപ്പൊക്കത്തെ തുടർന്നുള്ള നഷ്ടപരിഹാരം, റോഡ് പുനർനിർമാണം, വീടുകളുടെ അറ്റകുറ്റപ്പണി, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള സഹായം, ദുരന്തമേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവരുടെ പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്കാണ് ഈ തുക അനിവാര്യമായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

