ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ‘മെലഡി’ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ സൗഹൃദത്തിന്റെ ഭാഗമായി, ഇറ്റലി സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി മെലോനിക്ക് സമ്മാനിച്ച പാർലെ ‘മെലഡി’ ചോക്ലേറ്റുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
ഈ സമ്മാനം കൈമാറുന്ന ദൃശ്യങ്ങൾ മെലോനി എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധയാകർഷിച്ചത്. “Thank you for the gift” എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പങ്കുവെച്ചത്.
ഈ വിഡിയോ വൈറലായതിന് പിന്നാലെ, പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികൾ വിപണിയിൽ അപ്രതീക്ഷിത കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിൽ വ്യാപാരം നടത്തിയിരുന്ന കമ്പനിയുടെ ഓഹരിവില ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്ന് 4.84 രൂപയിലേക്ക് ഇടിഞ്ഞിരുന്നു.
എന്നാൽ, വിഡിയോ പുറത്തുവന്നതോടെ ഓഹരി വില ശരവേഗത്തിൽ 5.25 രൂപയിലേക്ക് ഉയരുകയും 5 ശതമാനം നേട്ടത്തോടെ അപ്പർ-സർക്യൂട്ടിലെത്തുകയും ചെയ്തു. എങ്കിലും, ഈ സംഭവത്തിൽ ഒരു നിർണായക വസ്തുതയുണ്ട്.
മോദി സമ്മാനിച്ച പ്രസിദ്ധമായ ‘പാർലെ മെലഡി’ ചോക്ലേറ്റും പാർലെ-ജി, മൊണാക്കോ തുടങ്ങിയ ബിസ്കറ്റുകളും നിർമിക്കുന്നത് പാർലെ പ്രോഡക്ട്സ് എന്ന കമ്പനിയാണ്. എന്നാൽ, ഓഹരി വിപണിയിൽ അസാധാരണ നേട്ടമുണ്ടാക്കിയ പാർലെ ഇൻഡസ്ട്രീസ് റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, പേപ്പർ വേസ്റ്റ് റീസൈക്ലിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയാണ്.
പേരിലുള്ള സാമ്യം മാത്രമാണ് ഈ ഓഹരികൾക്ക് വിപണിയിൽ നേട്ടമുണ്ടാക്കാൻ കാരണമായത്. പാർലെ പ്രോഡക്ട്സ് നിലവിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്വകാര്യ കമ്പനിയാണ്.
ഐപിഒയുമായി ബന്ധപ്പെട്ട് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും, അത്തരത്തിലുള്ള പ്ലാനുകൾ നിലവിലില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ സമ്മാനത്തിലൂടെ തങ്ങളുടെ ഉൽപ്പന്നത്തിന് ആഗോളതലത്തിൽ വലിയ ശ്രദ്ധ ലഭിച്ചതിൽ പാർലെ പ്രോഡക്ട്സ് സന്തോഷം രേഖപ്പെടുത്തി.
റോമിലെത്തിയ പ്രധാനമന്ത്രി മോദി, മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുത്തതിനൊപ്പം ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കുകയും ചെയ്തിരുന്നു. (നിരാകരണം: ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല.
നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധോപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

