സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ തെരുവുനായ നിയന്ത്രണ നടപടികൾ ശക്തമാക്കാൻ കൊച്ചി കോർപറേഷൻ തീരുമാനിച്ചു. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
നിലവിൽ നായ്ക്കളെ പിടികൂടുന്നതിന് ആവശ്യമായ ജീവനക്കാരുടെ കുറവുണ്ടെന്നും, അതിനാൽ ലൈസൻസുള്ള കൂടുതൽ പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കേണ്ടി വരുമെന്നും കോർപറേഷൻ അധികൃതർ വ്യക്തമാക്കി. അടുത്ത കൗൺസിൽ യോഗത്തിൽ ഈ വിഷയം പ്രത്യേക അജണ്ടയായി ഉൾപ്പെടുത്തും.
ജനജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്ന നിലയിൽ തെരുവുനായ നിയന്ത്രണത്തിന് ഉയർന്ന മുൻഗണന നൽകുമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുൽ പറഞ്ഞു. “ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിഷയമാണ് തെരുവുനായ പ്രശ്നം.
ബ്രഹ്മപുരത്ത് ഒരേക്കറിലെ ഷെൽറ്റർ പദ്ധതി വേഗത്തിലാക്കും. ഇതിനായി ഫണ്ട് ലഭ്യമാക്കും.
നായ്ക്കളെ ദത്തെടുക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കും. ഭക്ഷണം പരിചരണം തുടങ്ങിയ കാര്യങ്ങൾക്കായി വലിയ തുകയാണു ചെലവു പ്രതീക്ഷിക്കുന്നത്.” എന്നും അവർ കൂട്ടിച്ചേർത്തു.
ബ്രഹ്മപുരത്ത് കോർപറേഷൻ ഏറ്റെടുത്ത നാല് ഏക്കർ ഭൂമിയിൽ ആദ്യഘട്ടമായി ഒരേക്കർ സ്ഥലത്താണ് എബിസി കേന്ദ്രം സജ്ജമാക്കുന്നത്. ദേശീയ മൃഗക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നിർമ്മാണത്തിനായി ചുറ്റുമതിൽ കെട്ടി തിരിക്കും.
പദ്ധതിയുടെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഡിസൈൻ മത്സരം സംഘടിപ്പിക്കും. പരിസ്ഥിതി സൗഹൃദപരമായ മികച്ച മാതൃക സമർപ്പിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകും.
പദ്ധതിയുടെ വിപുലീകരണത്തിനായി വാർഷിക പദ്ധതി വിഹിതത്തിൽ കൂടുതൽ തുക നീക്കിവെക്കാനും, കോർപറേഷൻ പരിധിക്ക് പുറത്ത് ബ്ലോക്ക് തലത്തിൽ ഷെൽറ്ററുകൾക്കായി സ്ഥലം കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

