വയനാട് കള്ളാടിയിൽ ഉണ്ടായ ദാരുണമായ മണ്ണിടിച്ചിൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നാളെയും തുടരുമെന്ന് മന്ത്രിമാർ അറിയിച്ചു. ദുരന്തസ്ഥലം സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ടി സിദ്ധീഖ്, അനിൽ കുമാർ എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തത്തിൽ മൂന്നുപേർക്ക് ജീവൻ നഷ്ടമായതായും അഞ്ചുപേരെ കാണാതായതായും മന്ത്രി ടി സിദ്ധീഖ് സ്ഥിരീകരിച്ചു. മധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ, ബിഹാർ സ്വദേശി വികാസ് കുമാർ, ജാർഖണ്ഡ് സ്വദേശി അന്മോൾ എന്നിവരാണ് മരണപ്പെട്ടവർ.
വിക്രം, രാഹുൽ, മുഹമ്മദ് ഇമ്രാൻ, രാകേഷ്, അസറുദ്ദീൻ അൻസാരി എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. നിലവിൽ രണ്ടുപേർ ഐസിയുവിൽ ചികിത്സയിലാണെന്നും ഇതിൽ ദിലീപ് എന്നയാളുടെ നില ഗുരുതരമാണെന്നും മന്ത്രിമാർ അറിയിച്ചു.
മഴയ്ക്ക് മുൻപ് തന്നെ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും, ദുരന്തമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി അനിൽ കുമാർ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാകാത്ത പക്ഷം രാത്രിയിലും രക്ഷാപ്രവർത്തനം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുരന്തസ്ഥലത്തെ നാല് സോണുകളായി തിരിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് മന്ത്രി ടി സിദ്ധീഖ് അറിയിച്ചു. ഇതിനായി കെടാവർ നായ്ക്കളെയും വളണ്ടിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തും.
തകർന്ന റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. നാളെ പൂർണ്ണതോതിലുള്ള പരിശോധന നടക്കുന്നതിനാൽ ദുരന്തസ്ഥലത്തേക്ക് കർശനമായി പ്രവേശനം നിരോധിച്ചിട്ടുണ്ട്.
മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും സർക്കാർ ഉറപ്പാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

