ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാണ്. സമൂഹമാധ്യമങ്ങളിൽ ‘മെലഡി’ എന്ന ഓമനപ്പേരിൽ വിശേഷിപ്പിക്കപ്പെടുന്ന ഇവരുടെ സൗഹൃദം വീണ്ടും ചർച്ചയാകുന്നത് ഇറ്റലി സന്ദർശനവേളയിൽ പ്രധാനമന്ത്രി മോദി മെലോനിക്ക് നൽകിയ പാർലെ ‘മെലഡി’ ചോക്ലേറ്റുകളുമായി ബന്ധപ്പെട്ടാണ്.
സമ്മാനം കൈമാറുന്ന വിഡിയോ മെലോനി എക്സിൽ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധയാകർഷിച്ചത്. “Thank you for the gift” എന്ന് കുറിച്ചുകൊണ്ടായിരുന്നു മെലോനി വിഡിയോ പങ്കുവെച്ചത്.
ഈ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയിൽ അപ്രതീക്ഷിതമായ ചലനങ്ങൾ ദൃശ്യമായി. പാർലെ ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഓഹരികൾ ഉച്ചയ്ക്ക് 12.20 വരെ നഷ്ടത്തിലായിരുന്നു.
ഇന്നലത്തെ ക്ലോസിങ് വിലയായ 5 രൂപയിൽ നിന്ന് 4.84 രൂപയിലേക്ക് ഓഹരി വില ഇടിഞ്ഞിരുന്നു. എന്നാൽ, വിഡിയോ പ്രചരിച്ചതോടെ ഓഹരി വില കുതിച്ചുയരുകയും 5.25 രൂപയിലെത്തി അപ്പർ സർക്യൂട്ടിൽ എത്തുകയും ചെയ്തു.
5 ശതമാനമാണ് പാർലെ ഇൻഡസ്ട്രീസിന്റെ പ്രതിദിന വിലക്കയറ്റത്തിന്റെ നിയന്ത്രണപരിധി. എങ്കിലും ഈ മുന്നേറ്റത്തിന് പിന്നിൽ വസ്തുതാപരമായ പിശകുണ്ടെന്നതാണ് വാസ്തവം.
മോദി സമ്മാനിച്ചത് പ്രശസ്തമായ പാർലെ പ്രോഡക്ട്സ് നിർമ്മിക്കുന്ന ചോക്ലേറ്റുകളാണ്. എന്നാൽ ഓഹരി വിപണിയിൽ കുതിച്ചുചാട്ടം നടത്തിയ പാർലെ ഇൻഡസ്ട്രീസ് എന്നത് റിയൽ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ വികസനം, പേപ്പർ വേസ്റ്റ് റീസൈക്ലിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന തികച്ചും വ്യത്യസ്തമായ മറ്റൊരു കമ്പനിയാണ്.
പേരിലുള്ള സാമ്യം മാത്രമാണ് വിപണിയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കാരണമായത്. പാർലെ പ്രോഡക്ട്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സ്വകാര്യ കമ്പനിയാണ്.
ഐപിഒയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായെങ്കിലും നിലവിൽ അത്തരം പദ്ധതികളില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും, പ്രധാനമന്ത്രിയുടെ സമ്മാനം തങ്ങളുടെ ബ്രാൻഡിന് ആഗോളതലത്തിൽ വലിയ പ്രചാരണം നൽകിയതായി പാർലെ പ്രോഡക്ട്സ് അധികൃതർ അറിയിച്ചു. റോമിലെത്തിയ പ്രധാനമന്ത്രി മോദി, മെലോനിക്കൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കുകയും ചരിത്രപ്രസിദ്ധമായ കൊളോസിയം സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. (നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

