പത്തനംതിട്ട ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും മുൻനിർത്തി ആവിഷ്കരിച്ച പദ്ധതി പാളുന്നു.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പഞ്ചായത്തുകൾ വഴി സംഭരിച്ച മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യാനാകാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നശിക്കുകയാണ്. നൂറു ശതമാനം സബ്സിഡി നിരക്കിൽ സ്ത്രീകൾക്ക് ഈ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
പഞ്ചായത്തുകൾ, കുടുംബശ്രീ, ഗ്രാമസഭകൾ എന്നിവയുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ ഗുണഭോക്താക്കളുടെ പട്ടിക പ്രകാരമാണ് മെൻസ്ട്രൽ കപ്പുകൾ ആരോഗ്യ ഉപകേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. ഗുണഭോക്താക്കൾക്ക് കൃത്യമായ ബോധവൽക്കരണ ക്ലാസുകൾ നൽകിയ ശേഷം മാത്രം വിതരണം നടത്താനായിരുന്നു നിർദ്ദേശം.
എന്നാൽ, മിക്ക പ്രദേശങ്ങളിലും ഇത്തരം ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കാത്തത് വിതരണത്തെ കാര്യമായി ബാധിച്ചു. പദ്ധതി നടത്തിപ്പിലെ ഗുരുതരമായ വീഴ്ചകൾ വിവിധ പഞ്ചായത്തുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു.
നാരങ്ങാനം പഞ്ചായത്തിൽ 3.44 ലക്ഷം രൂപ മുടക്കി വാങ്ങിയ 1150 മെൻസ്ട്രൽ കപ്പുകളിൽ 205 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്. ബാക്കി 945 എണ്ണം കടമ്മനിട്ട
കുടുംബാരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചുള്ള മെയിൻ ഹെൽത്ത് സെന്ററിലും വിവിധ സബ്സെന്ററുകളിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
പന്തളം തെക്കേക്കര പഞ്ചായത്തിൽ ഒരു ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ 333 കപ്പുകളിൽ ഒന്നുപോലും ഗുണഭോക്താക്കളിൽ എത്തിയില്ല. ഗുണഭോക്താക്കളുടെ കൃത്യമായ കണക്കെടുക്കാതെ കപ്പുകൾ വാങ്ങിയതാണ് ഇവിടെ തിരിച്ചടിയായത്.
സമാനമായ അവസ്ഥയാണ് കോന്നി, കുറ്റൂർ പഞ്ചായത്തുകളിലും. കോന്നിയിൽ 52 എണ്ണവും കുറ്റൂർ പഞ്ചായത്തിൽ 571 എണ്ണവും വിതരണം ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്.
കുറ്റൂരിൽ 4.26 ലക്ഷം രൂപ ചെലവിട്ടാണ് 1423 കപ്പുകൾ വാങ്ങിയത്. കടപ്ര പഞ്ചായത്തിൽ 2.95 ലക്ഷം രൂപ വകയിരുത്തി 985 കപ്പുകൾ വാങ്ങിയെങ്കിലും, 80 പേർ മാത്രമുള്ള ഗുണഭോക്തൃ പട്ടികയിൽ 23 എണ്ണം മാത്രമാണ് വിതരണം ചെയ്യാനായത്.
സാനിറ്ററി പാഡുകളെ അപേക്ഷിച്ച് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് മെൻസ്ട്രൽ കപ്പുകൾ. ദീർഘകാലം ഉപയോഗിക്കാവുന്നതും ചെലവു കുറഞ്ഞതുമായ ഈ ഉൽപ്പന്നം കൃത്യമായ ശുചിത്വത്തോടെ കൈകാര്യം ചെയ്താൽ ആർത്തവകാലത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് വലിയൊരളവ് പരിഹാരമാകും.
എന്നിരുന്നാലും, ഉപയോഗരീതികളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പദ്ധതിയുടെ പരാജയത്തിന് പ്രധാന കാരണം. ആശാ പ്രവർത്തകരുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ വിപുലമായ ബോധവൽക്കരണം സംഘടിപ്പിച്ചാൽ മാത്രമേ ഇത്തരം പദ്ധതികൾ ലക്ഷ്യത്തിലെത്തുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

