ചാലക്കുടി ദേശീയപാതയിലെ മുരിങ്ങൂർ കോട്ടമുറിയിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ ജില്ലാ കലക്ടർ ശിഖ സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ജനപ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള കർശന നിർദേശങ്ങൾ കലക്ടർ നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിലെ വെള്ളം സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഇരച്ചുകയറിയത് വലിയ ദുരിതമാണ് സൃഷ്ടിച്ചത്. മേലൂർ പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരുന്നത്.
ഇതിലെ വെള്ളം കൊരട്ടി പഞ്ചായത്ത് അതിർത്തിയിലേക്ക് ഒഴുക്കിവിടാൻ ശ്രമം നടന്നെങ്കിലും, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഇത് തടയുകയായിരുന്നു. ഇതിനെത്തുടർന്നാണ് കലക്ടർ ഇരു പഞ്ചായത്തുകളിലെയും പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ച് ചർച്ച നടത്തിയത്.
പ്രദേശത്തെ നീരൊഴുക്ക് പുനഃസ്ഥാപിക്കാൻ ഇറിഗേഷൻ കനാലിലേക്ക് വെള്ളം തിരിച്ചുവിടുന്നതടക്കമുള്ള നിർദേശങ്ങൾ യോഗം പരിഗണിച്ചു. എന്നാൽ കനാലിലെ വെള്ളം തിരിച്ചൊഴുകുന്ന അവസ്ഥ നിലനിൽക്കുന്നതിനാൽ ഇതിൽ അപ്രായോഗികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശീയപാതയുടെ അടിപ്പാത നിർമാണ വേളയിൽ ഡ്രെയ്നേജ് സംവിധാനം ശാസ്ത്രീയമല്ലാത്ത രീതിയിൽ നിർമിച്ചതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന ആരോപണം ശക്തമാണ്. ചില ഭാഗങ്ങളിൽ ഡ്രെയ്നേജ് നിർമിച്ചിട്ടില്ലാത്തതും, നിർമിച്ചയിടങ്ങളിൽ മണ്ണ് നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതും സ്ഥിതി വഷളാക്കി.
ഈ അപാകതകൾ പരിഹരിക്കാൻ കലക്ടർ ഉത്തരവിട്ടു. കൊരട്ടി പഞ്ചായത്ത് പരിധിയിലേക്കുള്ള നീരൊഴുക്കിന്റെ തടസ്സങ്ങൾ നീക്കാനും, പ്രദേശത്തെ തോട് പുനരുജ്ജീവിപ്പിക്കാനും നിർദേശമുണ്ട്.
മുരിങ്ങൂർ ജംക്ഷനിൽ മേലൂരിലേക്ക് തിരിയുന്ന ഭാഗത്തെ ബെൽ മൗത്തിനടുത്ത് ഡ്രെയ്നേജിലെ തകരാറുകൾ പരിഹരിക്കുന്നതിനൊപ്പം, അപകടകരമായ കുഴികൾ വലുപ്പം കൂട്ടി കോൺക്രീറ്റ് ചെയ്യാനും നിർദേശിച്ചു. വർക്ക് ഷോപ്പ് റോഡിലെ കാനയുടെ അപാകതകൾ പരിഹരിക്കുന്നതോടൊപ്പം, കല്ലിക്കടവ് റോഡിലേക്കുള്ള വെള്ളത്തിന്റെ വരവ് തടയുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങളും നടത്തണം.
ഈ പ്രവൃത്തികൾ ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി അസൗകര്യം അറിയിച്ച സാഹചര്യത്തിൽ, ആവശ്യമായ തുക പഞ്ചായത്തിന് കൈമാറി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

