ആലപ്പുഴ ജില്ലയിലെ വില്ലേജ് ഓഫിസുകളിൽ വ്യാപകമായ സ്ഥലംമാറ്റം നടപ്പിലാക്കി. ജില്ലയിലെ 98 വില്ലേജ് ഓഫിസുകളിൽ 58 വില്ലേജ് ഓഫിസർമാരെയും 19 ഡപ്യൂട്ടി തഹസിൽദാർമാരെയുമാണ് സ്ഥലംമാറ്റിയത്.
സെൻസസ് ജോലികൾക്കായി ലോഗിൻ ഐഡി ക്രമീകരിച്ച് ബ്ലോക്ക് മാപ്പ് ഉൾപ്പെടെയുള്ള അതിരടയാളങ്ങൾ തയാറാക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന നിർദേശം നിലനിൽക്കെയാണ് നടപടി. സ്ഥലംമാറ്റം ലഭിച്ചവരിൽ ആറുമാസം പോലും കാലാവധി പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
ഈ കൂട്ടസ്ഥലംമാറ്റം മഴക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങളെയും, സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് വിതരണം, ചികിത്സാ ആനുകൂല്യങ്ങൾ തുടങ്ങിയ സേവനങ്ങളെയും ബാധിച്ചു തുടങ്ങി.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റം നടപ്പിലാക്കിയതെന്ന് ആരോപിച്ച് കേരള റവന്യു ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ഥലംമാറ്റ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്നും വകുപ്പ് മന്ത്രിയെപ്പോലും അറിയിക്കാതെ നടപടി സ്വീകരിച്ചത് ജനാധിപത്യവിരുദ്ധമാണെന്നും കേരള റവന്യു ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ജി.
ഐബു ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അസോസിയേഷൻ ജില്ലാ കമ്മിറ്റി, കലക്ടറുടെ ചുമതല വഹിക്കുന്ന ലാൻഡ് റവന്യു ഡപ്യൂട്ടി കലക്ടറെ ഉപരോധിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. സൂരജ് സമരം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഷഹീർ ഷെരീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ വി. തങ്കച്ചൻ, കെ.ജി.
ഐബു, ജയചന്ദ്രൻ, സീമ, ജയിൻ രാജ്, പത്മകുമാർ കവിരാജ്, റബീഷ്, സുമരാജ്, സജി രാജൻ, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

