കാക്കനാട് കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറു മാസത്തിനിടെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കം അറുപതോളം പേരാണ് ക്യാമറ നിരീക്ഷണത്തിൽ കുടുങ്ങിയത്.
മുൻ വർഷങ്ങളിലെ കണക്കുകൾ കൂടി പരിശോധിക്കുമ്പോൾ ഈ എണ്ണം നൂറ്റിഎൺപതോളം വരും. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉപയോഗിക്കുന്ന ചില വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
തുടർച്ചയായ നിയമലംഘനം നടത്തുകയും, പലതവണ നോട്ടീസ് നൽകിയിട്ടും പിഴ അടയ്ക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്ത വാഹനങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കാറും ഉൾപ്പെടുന്നു.
ജില്ലയിലെ വിവിധ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള 64 ക്യാമറകളാണ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ നിർണായകമാകുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവയാണ് പ്രധാന ലംഘനങ്ങൾ.
കൂടാതെ, ദേശീയപാതയിലെ ക്യാമറകളിൽ കുടുങ്ങിയവരിൽ അമിതവേഗതയിൽ സഞ്ചരിച്ചവരും ഉൾപ്പെടുന്നു. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിൽപ്പെടും.
ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് ഇ-ചലാൻ സംവിധാനത്തിലൂടെയാണ് പിഴ ചുമത്തുന്നത്. സോഫ്റ്റ്വെയർ അധിഷ്ഠിത സംവിധാനമായതിനാൽ ഉന്നത ഇടപെടലുകളിലൂടെ പിഴ ഒഴിവാക്കാൻ സാധിക്കില്ല.
വാഹന കൈമാറ്റം, റജിസ്ട്രേഷൻ പുതുക്കൽ, ഫിറ്റ്നസ് പരിശോധന തുടങ്ങിയ സേവനങ്ങൾ ലഭിക്കണമെങ്കിൽ കുടിശ്ശികയുള്ള പിഴ തുക പൂർണ്ണമായും അടയ്ക്കേണ്ടതുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് വേളകളിൽ നാമനിർദേശ പത്രിക തള്ളുന്നത് ഒഴിവാക്കാൻ പല ജനപ്രതിനിധികളും ഇത്തരത്തിൽ പിഴത്തുക അടച്ചു തീർത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

