ഉത്തർപ്രദേശിലെ ലഖ്നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ലഖ്നൗ സുശാന്ത് ഗോൾഫ് സിറ്റിക്ക് സമീപമുള്ള വിജനമായ വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ ബീഹാർ ചപ്ര സ്വദേശിയും ഡെലിവറി ഏജന്റുമായ ഇരുപത്തിമൂന്നുകാരൻ പ്രേം കുമാർ മാഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു. റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്.
മെയ് 14-ന് പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. വിവാഹത്തിനായുള്ള മുന്നൊരുക്കങ്ങൾ വീട്ടിൽ നടക്കവെയാണ് ദാരുണമായ സംഭവം നടന്നത്.
ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യത്തിനായി വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ വനമേഖലയിൽ മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. പൊലീസ് നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് നിരീക്ഷണ ഡാറ്റയും പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
ചോദ്യം ചെയ്യലിൽ ഏഴെട്ട് വർഷമായി ശിവാനിയെ തനിക്ക് പരിചയമുണ്ടെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ ആറുമാസമായി ശിവാനിക്ക് ഓഫീസിലെ സഹപ്രവർത്തകനായ മനീഷ് എന്നയാളുമായി ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.
ശിവാനിയുടെ ഫോണിൽ മനീഷിന്റെ ചിത്രങ്ങൾ കണ്ടത് പ്രതിയെ പ്രകോപിപ്പിച്ചു. ഞായറാഴ്ച രാവിലെ മോട്ടോർ സൈക്കിളിൽ ആവാസ് വികാസ് കോളനിക്ക് സമീപമുള്ള വനമേഖലയിലേക്ക് ശിവാനിയെ കൂട്ടിക്കൊണ്ടുപോയ പ്രതി, റബ്ബർ പൈപ്പ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം കാട്ടിലേക്ക് വലിച്ചിഴച്ചു മാറ്റുകയും സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കിടിച്ച് വികൃതമാക്കുകയും ചെയ്തു.
തെളിവ് നശിപ്പിക്കുന്നതിനായി യുവതിയുടെ മൊബൈൽ ഫോൺ കനാലിലേക്ക് എറിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച സിമന്റ് കട്ട
കണ്ടെടുത്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അമിത് കുമാർ ആനന്ദ് സ്ഥിരീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

