പാകിസ്ഥാൻ നേരിടുന്ന അതിരൂക്ഷമായ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച കർമ്മപദ്ധതികളിൽ സൈന്യവും പങ്കാളിയാകുന്നു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രൂപീകരിച്ച പ്രത്യേക ഉന്നതതല സമിതിയിലാണ് പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതിരോധം, നയതന്ത്രം, സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് പുറമെ രാജ്യത്തിന്റെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുമതല കൂടി ഇതോടെ സൈനിക മേധാവിയിൽ നിക്ഷിപ്തമായിരിക്കുകയാണ്. പാകിസ്ഥാൻ സെനറ്റ് സമിതികളുടെ സംയുക്ത യോഗത്തിൽ ഫെഡറൽ ആരോഗ്യ മന്ത്രി സയ്യിദ് മുസ്തഫ കമാലാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ജനസംഖ്യാ നിയന്ത്രണത്തിനായുള്ള നയരൂപീകരണങ്ങളിൽ ധനകാര്യം, ആസൂത്രണം, ആരോഗ്യം എന്നീ വകുപ്പുകളിലെ മുതിർന്ന മന്ത്രിമാർക്കൊപ്പമായിരിക്കും അസിം മുനീർ പ്രവർത്തിക്കുക. വിഷയം സർക്കാർ അതീവ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും എല്ലാ തലങ്ങളിലും കർശനമായ നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് പാകിസ്ഥാൻ. പ്രതിവർഷം 2.55 ശതമാനം എന്ന നിരക്കിലാണ് രാജ്യത്ത് ജനസംഖ്യാ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
ഈ പ്രവണത തുടർന്നാൽ 2030-ഓടെ ഇന്തോനേഷ്യയെ പിന്തള്ളി പാകിസ്ഥാൻ ജനസംഖ്യയിൽ ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും വിഭവ ലഭ്യതയെയും സാരമായി ബാധിക്കും.
പ്രതിവർഷം ഏകദേശം 67 ലക്ഷം കുട്ടികളാണ് പാകിസ്ഥാനിൽ ജനിക്കുന്നത്. ജനസംഖ്യാ വർദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്ന നിലവിലെ ഫണ്ട് വിതരണ രീതിയിൽ മാറ്റം വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
പ്രവിശ്യകൾക്ക് ഫണ്ട് അനുവദിക്കുന്ന ‘നാഷണൽ ഫിനാൻസ് കമ്മീഷൻ’ ഫോർമുല പ്രകാരം 82 ശതമാനം വിഭവങ്ങളും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്നത്. എന്നാൽ ജനസംഖ്യ കുറയ്ക്കുന്ന പ്രവിശ്യകൾക്ക് ഫണ്ട് കുറയുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് 50 ശതമാനമായി ചുരുക്കണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.
കൂടാതെ, കുടുംബാസൂത്രണ ഉപാധികൾക്ക് നികുതിയിളവ് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബലൂചിസ്ഥാനിലെയും അഫ്ഗാൻ അതിർത്തിയിലെയും സുരക്ഷാ പ്രശ്നങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാജ്യം നേരിടുന്ന സാഹചര്യത്തിൽ, ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുമതല കൂടി സൈനിക മേധാവിയെ ഏൽപ്പിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും പരിഹാസങ്ങളും ഉയരുന്നുണ്ട്.
അതേസമയം, രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നയരൂപീകരണങ്ങളിലും സൈന്യത്തിനുള്ള നിർണായകമായ സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ പുതിയ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

