പുതിയ ജിമെയിൽ അക്കൗണ്ടുകൾ ആരംഭിക്കുന്നവർക്കുള്ള സൗജന്യ ക്ലൗഡ് സ്റ്റോറേജ് സൗകര്യത്തിൽ നിർണായക മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗൂഗിൾ. നിലവിൽ ലഭ്യമാകുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് പരിധി 5 ജിബിയായി കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
ബാക്കിയുള്ള 10 ജിബി ഉൾപ്പെടെ മൊത്തം 15 ജിബി സ്റ്റോറേജ് ലഭിക്കണമെങ്കിൽ ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ട് ഫോൺ നമ്പർ ഉപയോഗിച്ച് നിർബന്ധമായും വെരിഫൈ ചെയ്യേണ്ടതുണ്ട്. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഫോട്ടോസ് എന്നിവ സംയുക്തമായി ഉപയോഗിച്ചിരുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് സംവിധാനത്തിലാണ് ഈ പരിഷ്കാരം ഏർപ്പെടുത്തുന്നത്.
ഇതോടെ ഉപയോക്താക്കൾക്ക് മുന്നിൽ രണ്ട് വഴികളാണ് ഗൂഗിൾ മുന്നോട്ടുവെക്കുന്നത്: ഒന്നുകിൽ 5 ജിബി സ്റ്റോറേജുമായി സേവനം തുടരുക, അല്ലെങ്കിൽ ഫോൺ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കി പൂർണ്ണമായ 15 ജിബി സ്റ്റോറേജ് അൺലോക്ക് ചെയ്യുക. പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്കിടയിലാണ് ഈ മാറ്റം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില നിശ്ചിത രാജ്യങ്ങളിൽ മാത്രമാണ് ഈ നടപടി നടപ്പിലാക്കി വരുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള സേവനം ഉറപ്പാക്കുന്നതിനൊപ്പം, സുരക്ഷ വർധിപ്പിക്കാനും അക്കൗണ്ട് റിക്കവറി പ്രക്രിയ ലഘൂകരിക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നതെന്ന് ഗൂഗിൾ വ്യക്തമാക്കി.
ഫോൺ നമ്പർ വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിലൂടെ വ്യാജ അക്കൗണ്ടുകൾ വഴിയുള്ള സ്പാം സന്ദേശങ്ങൾ ഫലപ്രദമായി തടയാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

