നിർമിത ബുദ്ധി (AI) സേവനങ്ങളുടെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഗൂഗിൾ. നിലവിൽ ജെമിനി പ്ലാറ്റ്ഫോമിൽ തുടരുന്ന പ്രതിദിന പ്രോംപ്റ്റ് പരിധി ഒഴിവാക്കി ‘കംപ്യൂട്ട്-യൂസ്ഡ്’ (compute-used) എന്ന പുതിയ മാതൃകയിലേക്ക് കമ്പനി മാറുകയാണ്.
ഐ/ഒ (I/O) 2026-ലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മുൻകാലങ്ങളിൽ പ്രോംപ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ജെമിനിയുടെ ഉപയോഗ പരിധി നിശ്ചയിച്ചിരുന്നത്.
എന്നാൽ പുതിയ സംവിധാനത്തിൽ പ്രോംപ്റ്റിന്റെ സങ്കീർണ്ണത, ഉപയോഗിക്കുന്ന ഫീച്ചറുകൾ, ചാറ്റിന്റെ ദൈർഘ്യം എന്നിവ പരിഗണിച്ചാണ് പരിധി നിശ്ചയിക്കുക. ഉദാഹരണത്തിന്, ലളിതമായ ടെക്സ്റ്റ് പ്രോംപ്റ്റുകളെ അപേക്ഷിച്ച് വീഡിയോ ജനറേഷൻ പോലുള്ള പ്രവർത്തനങ്ങൾ കൂടുതൽ കംപ്യൂട്ട് ശേഷി ഉപയോഗപ്പെടുത്തും.
സാധാരണ ഉപയോക്താക്കളെ സംബന്ധിച്ച് ഈ മാറ്റം വലിയ സ്വാധീനം ചെലുത്തില്ലെങ്കിലും, കോഡിങ്, വീഡിയോ നിർമ്മാണം തുടങ്ങിയ സങ്കീർണ്ണമായ ആവശ്യങ്ങൾക്കായി ജെമിനിയെ ആശ്രയിക്കുന്നവർക്ക് പരിധികൾ വേഗത്തിൽ ബാധകമായേക്കാം. പുതിയ പരിഷ്കാരമനുസരിച്ച്, അഞ്ച് മണിക്കൂർ ഇടവേളയിലുള്ള പരിധിയും പ്രതിവാര പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത കംപ്യൂട്ട് പരിധി പിന്നിട്ടാൽ ആദ്യം അഞ്ച് മണിക്കൂർ പരിധിയും തുടർന്ന് പ്രതിവാര പരിധിയും ബാധകമാകും. സബ്സ്ക്രിപ്ഷൻ പ്ലാനുകളില്ലാത്ത ഉപയോക്താക്കൾക്ക് “സ്റ്റാൻഡേർഡ് ലിമിറ്റ്” ബാധകമായിരിക്കും.
എഐ പ്ലസ് (AI Plus) പ്ലാനിൽ ഇത് ഇരട്ടിയായും, എഐ പ്രോ (AI Pro) പ്ലാനിൽ നാല് മടങ്ങും, എഐ അൾട്രാ (AI Ultra) പ്ലാനിൽ 20 മടങ്ങും ഉയർന്ന പരിധിയാണ് ലഭ്യമാകുക. മീഡിയ ജനറേഷൻ, ഡീപ് റിസർച്ച്, പ്രോ മോഡൽ ഉപയോഗം, എക്സ്റ്റൻഡഡ് തിങ്കിങ്, ഡീപ് തിങ്ക് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പരിധി വേഗത്തിൽ അവസാനിക്കാൻ സാധ്യതയുണ്ട്.
പരിധി പിന്നിടുന്ന സാഹചര്യത്തിൽ ഗൂഗിൾ ഉപയോക്താക്കളെ ചെറിയ മോഡലുകളിലേക്ക് മാറ്റും. എഐ പ്രോ, അൾട്രാ വരിക്കാർക്ക് പരിധി മറികടന്ന് തുടർന്നും പ്രവർത്തിക്കാൻ ‘പേ-ആസ്-യു-ഗോ’ (PAYG) ക്രെഡിറ്റുകൾ വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.
ഭാവിയിൽ ഗൂഗിൾ ആന്റിഗ്രാവിറ്റി, ഗൂഗിൾ ഫ്ലോ, ജെമിനി ആപ്പ് എന്നിവയിലും ഈ ക്രെറ്റിറ്റുകൾ ഉപയോഗിക്കാനാകും. പുതിയ എഐ അൾട്രാ പ്ലാൻ 100 ഡോളറിന് അവതരിപ്പിച്ചതോടൊപ്പം, മുൻനിര പ്ലാനിന്റെ നിരക്ക് 200 ഡോളറായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

