ആഗോള മാധ്യമ ശൃംഖലയായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ ‘വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്’, തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ടെക്നോളജി കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിന്യാസത്തിലൂടെയും ഡിജിറ്റൽ പരിവർത്തനത്തിലൂടെയും ആഗോള നയരൂപീകരണത്തിലും വ്യവസായ നവീകരണത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന അന്താരാഷ്ട്ര വിദഗ്ധരുടെ കൂട്ടായ്മയാണിത്.
ലോകമെമ്പാടുമുള്ള പ്രമുഖ ബിസിനസ്സ് തലവന്മാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്നതാണ് ഈ കൗൺസിൽ. ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം ബിസിനസ്സ് നേതാക്കളിൽ ഒരാളാണ് അദീബ് അഹമ്മദ്.
ആഗോളതലത്തിൽ AI-യുടെയും ഫിൻടെക്കിന്റെയും പ്രധാന കേന്ദ്രങ്ങളായി വളർന്നുകൊണ്ടിരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ കാഴ്ചപ്പാടുകളും അനുഭവങ്ങളും അന്താരാഷ്ട്ര വേദികളിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന്റെ ഈ പങ്കാളിത്തം വഴിതെളിക്കും. അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ സാമ്പത്തിക സേവന രംഗത്തെ മുൻനിര ഗ്രൂപ്പായി വളർന്നിട്ടുണ്ട്.
ക്രോസ്-ബോർഡർ പേയ്മെന്റുകൾ, ഡിജിറ്റൽ ഫിൻടെക് ഇന്നൊവേഷൻ, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിയമനത്തെ കുറിച്ച് അദീബ് അഹമ്മദ് പ്രതികരിച്ചു: “മികച്ച സൗകര്യങ്ങളും ആഗോള ബന്ധങ്ങളും ഒത്തുചേരുന്ന ഇടങ്ങളായിരിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി നിശ്ചയിക്കുക.
ദീർഘവീക്ഷണമുള്ള ഭരണാധികാരികളുടെ പിന്തുണയോടെ ജി.സി.സി ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖല ഈ രംഗത്ത് അതിവേഗം മുന്നേറുകയാണ്. ആഗോള ബിസിനസിന്റെയും സാമ്പത്തിക രംഗത്തിന്റെയും കേന്ദ്രമായ ഈ പ്രദേശത്തുനിന്നുള്ള അനുഭവങ്ങൾ ഈ കൗൺസിലിൽ പങ്കുവെക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

