ജില്ലയിലെ വിവിധ സർക്കാർ ഓഫിസുകൾ ജല അതോറിറ്റിക്ക് നൽകാനുള്ള കുടിശിക 4.5 കോടി രൂപയായി ഉയർന്നതോടെ വിതരണ സംവിധാനം കടുത്ത പ്രതിസന്ധിയിൽ. കണ്ണൂർ ഡിവിഷനിൽ 2.2 കോടി രൂപയും തളിപ്പറമ്പ് ഡിവിഷനിൽ 2.32 കോടി രൂപയുമാണ് കുടിശികയായി രേഖപ്പെടുത്തിയിരിക്കുന്നത്.
കുടിശിക തുക വൻതോതിൽ വർധിച്ചതിനെത്തുടർന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ കലക്ടറേറ്റിലെയും അഡീഷനൽ സിവിൽ സ്റ്റേഷനിലെയും ജലവിതരണം അതോറിറ്റി നിർത്തിവച്ചു. കണ്ണൂർ ഡിവിഷൻ പരിധിയിൽ തലശ്ശേരി ഗവ.
ആശുപത്രി 1 കോടി രൂപയും, കലക്ടറേറ്റ് 40 ലക്ഷം രൂപയും നൽകാനുണ്ട്. ഇതിനുപുറമെ മാഹി മരാമത്ത് വകുപ്പ് 43 ലക്ഷം, പൊലീസ് 7 ലക്ഷം, ബ്രണ്ണൻ കോളജ് 2 ലക്ഷം, റവന്യു വകുപ്പ് 2 ലക്ഷം, മൃഗസംരക്ഷണ വകുപ്പ് 1 ലക്ഷം രൂപ എന്നിങ്ങനെയാണ് കുടിശിക.
തളിപ്പറമ്പ് ഡിവിഷൻ പരിധിയിൽ ഇരിക്കൂർ പഞ്ചായത്ത് ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് 1.11 കോടി രൂപ നൽകാനുണ്ട്. കൂടാതെ, വിവിധ വില്ലേജ് ഓഫിസുകൾ 1.44 ലക്ഷം രൂപയും പൊലീസ് വകുപ്പ് 4.6 ലക്ഷം രൂപയും തദ്ദേശ സ്ഥാപനങ്ങൾ പൊതുടാപ്പുകളിലൂടെയുള്ള വിതരണ ഇനത്തിൽ 17 ലക്ഷം രൂപയും നൽകാനുണ്ട്.
മരാമത്ത് വകുപ്പിന്റെ പേരിലാണ് കലക്ടറേറ്റിലെയും അഡീഷനൽ സിവിൽ സ്റ്റേഷനിലെയും കണക്ഷനുകൾ. ഈ ഓഫിസുകളിൽ നിന്ന് ആവശ്യമായ പണം ലഭ്യമാകാത്തതിനെത്തുടർന്ന് ഏപ്രിൽ 1നു ശേഷം ബില്ലുകൾക്ക് ഉത്തരവാദികളല്ലെന്ന് മരാമത്ത് വകുപ്പ് അറിയിക്കുകയുണ്ടായി.
ഇതിനു പിന്നാലെയാണ് അതോറിറ്റി നടപടികൾ സ്വീകരിച്ചത്. എഡിഎമ്മിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഓരോ ഓഫിസും സ്വന്തമായി കണക്ഷൻ എടുക്കണമെന്ന് തീരുമാനിച്ചെങ്കിലും, ഇതുവരെ ആരും അതിനായി അപേക്ഷ നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കണക്ഷൻ വിച്ഛേദിക്കുമ്പോൾ ജനപ്രതിനിധികളുടെ ഇടപെടലുണ്ടാകാറുണ്ടെങ്കിലും, തദ്ദേശ സ്ഥാപനങ്ങൾ ഉപയോക്താക്കളിൽ നിന്ന് തുക പിരിച്ചെടുത്ത് അതോറിറ്റിക്ക് നൽകണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു. കലക്ടറേറ്റിലെ കണക്ഷൻ പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് കലക്ടർ കത്ത് നൽകിയിട്ടുണ്ട്.
കുടിശിക മൂന്ന് മാസത്തിനകം തീർപ്പാക്കാമെന്ന ഉറപ്പാണ് കലക്ടർ നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

